കാസര്‍കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗവും മഞ്ചേശ്വരം എം.എൽ.എയുമായ പി.ബി. അബ്ദുറസാഖ് (63) നിര്യാതനായി. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ശനിയാഴ്ച പുലര്‍ച്ച അഞ്ചിന് കാസർകോെട്ട സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു ദിവസം മുമ്പാണ് പനിയും ശ്വാസതടസ്സവും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഖബറടക്കം ഒൗദ്യോഗിക ബഹുമതികളോടെ ആലംപാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
ആലംപാടി പടിഞ്ഞാർ മൂലയിൽ ബീരാൻ മൊയ്തീൻ ഹാജിയുടെയും ബീഫാത്തിമ ഹജ്ജുമ്മയുടെയും മകനായി 1955 ഒക്ടോബർ ഒന്നിന് ജനനം. കഷ്ടപ്പാടുകളിലൂടെ കടന്നുവന്ന അബ്ദുറസാഖിന് നാലാം ക്ലാസ് വരെ മാത്രമേ പഠിക്കാനായുള്ളൂ. പിന്നീട് സ്വപ്രയത്നത്തിലൂടെ വ്യവസായിയായി മാറി. 1967ൽ മുസ്ലിം യൂത്ത് ലീഗിലൂടെ രാഷ്ട്രീയത്തിലേക്ക്. 2000 മുതൽ അഞ്ചു വർഷം ചെങ്കള പഞ്ചായത്ത് പ്രസിഡൻറായിരുന്നു.
2005-09 വർഷത്തിൽ ജില്ല പഞ്ചായത്ത് അംഗമായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, അവസാന ഒരു വർഷം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ സി.എച്ച്. കുഞ്ഞമ്പുവിനെ 5828 വോട്ടിനും 2016ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ കെ. സുരേന്ദ്രനെ 89 വോട്ടിനും പരാജയപ്പെടുത്തി മഞ്ചേശ്വരത്തിെൻറ നിയമസഭാംഗമായി.
പഞ്ചായത്ത് പ്രസിഡൻറുമാരുെട അസോസിയേഷൻ കാസർകോട് ജില്ല പ്രസിഡൻറ്, കേരള റൂറൽ വെൽെഫയർ സൊസൈറ്റി ഡയറക്ടർ തുടങ്ങി നിരവധി സംഘടനകളുടെ കാസർകോട് ജില്ലയിലെ അമരക്കാരനായിരുന്നു.
നെല്ലിക്കട്ട പി.ബി.എം ഹൈസ്കൂൾ ചെയർമാനാണ്. മുസ്ലിം ലീഗ് ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗം, കാസര്‍കോട് സംയുക്ത ജമാഅത്ത് ആക്ടിങ് പ്രസിഡൻറ്, നെല്ലിക്കട്ട, നീര്ച്ചാല് ജമാഅത്തുകളുടെ പ്രസിഡൻറ്, ആലംപാടി നൂറുല്‍ ഇസ്ലാം യത്തീംഖാന വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങളും വഹിച്ചുവരുകയായിരുന്നു.
ഭാര്യ: സഫിയ (ചെങ്കള പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ). മക്കള്‍: ഷഫീഖ് (പൊതുമരാമത്ത് കരാറുകാരൻ), സൈറ, ഷൈല, ഷൈമ. മരുമക്കള്‍: അഫ്രീന (കുദ്രോളി), ആബിദ് (കാഞ്ഞങ്ങാട്), നിയാസ് (ബേവിഞ്ച), ദില്‍ഷാദ് (ചിത്താരി). സഹോദരങ്ങള്‍: പി.ബി. അബ്ദുല്ല, പി.ബി. അബ്ദുറഹ്മാന്, പി.ബി. അഹ്മദ്, ആഇശ, റുഖിയ, പരേതരായ അബൂബക്കര്‍, മുത്തലിബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.