തിരുവനന്തപുരം: ഒരു മതവിഭാഗത്തെ അപകീർത്തിപ്പെടുത്തി കലാപം ലക്ഷ്യമിട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പി.സി. ജോർജ്ജിന് അനുഭാവവുമായി കേന്ദ്രമന്ത്രി വി. മുരളീധറൻ തിരുവനന്തപുരം എ.ആർ. ക്യാമ്പിൽ എത്തിയ സംഭവം ആരെയും ഞെട്ടിക്കുന്നതാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്.
അറസ്റ്റിനെതിരെ കേന്ദ്രമന്ത്രി നടത്തിയ പ്രസ്താവന നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണ്. പി.സി. ജോർജിന്റെ നാവിൽ നിന്ന് വന്നതൊന്നും യാദൃശ്ചികല്ലെന്നും സംഘപരിവാർ തിരക്കഥയിലെ ആട്ടക്കാരനായിരുന്നു ജോർജ്ജെന്നും തെളിയിക്കുന്നതാണ് കേന്ദ്ര മന്ത്രിയുടെ ഈ പിന്തുണ. നാട്ടിൽ കലാപ കലുഷിതമായ അന്തരീക്ഷം വിതക്കാൻ പി.സി ജോർജ്ജുമാരെ നിയോഗിക്കുന്നത് കേന്ദ്ര സർക്കാരും ബി.ജെ.പിയും നേരിട്ടാണെന്ന് മുരളീധരന്റെ ഈ സന്ദർശനം അടിവരയിടുന്നു.
പി സി ജോർജിന്റെ `ചുരുളി'നാവ് സംഘപരിവാർ വിലയ്ക്കെടുത്തിരിക്കുകയാണ്. കേരളത്തിലെ സാമുദായിക അന്തരീക്ഷം കലുഷിതമാക്കി കലക്കവെള്ളത്തിൽ നിന്ന് മീൻ പിടിക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പി പലവട്ടം പയറ്റി തോറ്റതാണ്. ബി.ജെ.പിക്ക് സഖ്യകക്ഷികളില്ലാതിരുന്ന കേരളത്തിൽ സാമുദായിക സംഘടനകളുടെ രാഷ്ട്രീയപാർട്ടി ഉണ്ടാക്കി വോട്ട് നേടാൻ നടത്തിയ നീക്കമൊക്കെ ഇതിന്റെ ഭാഗമായിരുന്നു. അതൊക്കെ പരാജയപ്പെട്ടപ്പോൾ ഈ മണ്ണിൽ കലാപമുണ്ടാക്കി നേട്ടമുണ്ടാക്കാം എന്ന ഗുജറാത്തി കുറുക്കൻമാരുടെ ഗൂഡാലോചനയാണ് കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലിലൂടെ വ്യക്തമാകുന്നത്. വി. മുരളീധരൻ നടത്തിയത് സത്യപ്രതിഞ്ജ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.