എ.കെ. ആന്‍റണിയുടെ മകനെന്നേയുള്ളൂ, അനിലിനെ പോലെ ആരുമായും ബന്ധമില്ലാത്തയാളെ സ്ഥാനാർഥിയാക്കിയാൽ വിജയിക്കില്ല -പി.സി. ജോർജ്

കോട്ടയം: പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി അനിൽ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പി.സി. ജോർജ്. അനിൽ ആന്‍റണിയെ പോലെ ആരുമായും ബന്ധമില്ലാത്ത ആളെ സ്ഥാനാർഥിയാക്കിയാൽ വിജയിക്കില്ലെന്ന് പി.സി. ജോർജ് പറഞ്ഞു.

അനിലിന് നാടുമായി ബന്ധം ഇല്ലായിരുന്നത് തോൽവിക്ക് കാരണമായി. വോട്ട് പിടിക്കാൻ അനിൽ വളരെയധികം ബുദ്ധിമുട്ടി. താൻ പലരോടും വ്യക്തിപരമായി ഫോണിൽ വിളിച്ച് അഭ്യർഥിച്ചാണ് ഇത്രയും വോട്ട് ഉണ്ടാക്കിയത്. ജയിക്കാവുന്ന സീറ്റ് നശിപ്പിച്ചു. കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിയുടെ മകനെന്നേയുള്ളൂ. എ.കെ. ആന്‍റണി മകനെ തള്ളിപ്പറഞ്ഞതും പേരുദോഷമായി. പത്തനംതിട്ടയിൽ മത്സരിച്ച് അനിൽ ഭാവി നശിപ്പിക്കരുതായിരുന്നുവെന്നും ജോർജ് ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിശ്ചയിക്കുമ്പോൾ‍ വളരെയേറെ ചിന്തിക്കാനുണ്ട്. നാടുമായി ബന്ധമുള്ളതോ നാട്ടിൽ അറിയപ്പെടുന്നതോ സംസ്ഥാനതലത്തിൽ അറിയപ്പെടുന്നതോ ആയവരെയാണ് സ്ഥാനാർഥിയാക്കേണ്ടത്. എങ്കിലേ ഒരു നിലയും വിലയുമുണ്ടാകൂ. ജനങ്ങൾക്ക് അത്തരക്കാരോട് ആഭിമുഖ്യമുണ്ടാകും. അല്ലെങ്കിൽ സ്വന്തം പാർട്ടിക്ക് വോട്ട് ഉണ്ടാകണം. സി.പി.എമ്മിന് സ്വന്തം നിലയിൽ വോട്ടുള്ളതിനാൽ ആരെ നിർത്തിയാലും എവിടെ നിന്നും ജയിക്കാനാകും. ബി.ജെ.പി പതുക്കെ വളരുന്ന പാർട്ടിയാണെന്നും പി.സി. ജോർജ് വ്യക്തമാക്കി.

ബി.ജെ.പിക്ക് നല്ല ഭാവിയുണ്ട്. ഇന്ത്യയുടെ രക്ഷ ബി.ജെ.പിയിലാണ്. കേന്ദ്രത്തിൽ സീറ്റ് കുറഞ്ഞത് നന്നായെന്നും ഇനിയെങ്കിലും പാഠംപഠിച്ച് മുന്നോട്ടു പോകാൻ കഴിയുമെന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു.

Tags:    
News Summary - PC George attack to BJP Leadership in Pathanamthitta anil antony defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.