‘പി.പി. ദിവ്യ താടക, വൃത്തികെട്ട സ്ത്രീയാണവർ’; നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് പി.സി. ജോർജ്

പത്തനംതിട്ട: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി.പി. ദിവ്യ താടകയും വൃത്തികെട്ട സ്ത്രീയുമാണെന്ന് മുൻ എം.എൽ.എ പി.സി. ജോർജ്. സി.പി.എം കണ്ണൂർ നേതൃത്വം മുഴുവൻ അവർക്കൊപ്പമുണ്ട്. ദിവ്യ ചെയ്തത് എന്തോ ധീരകൃത്യമാണെന്ന് കരുതുന്ന വൃത്തികെട്ട മനസ്സിന്റെ ഉടമകളായി സി.പി.എം നേതൃത്വം മാറി. നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കുകയോ ജുഡീഷ്യൽ എൻക്വയറി പ്രഖ്യാപിക്കുകയോ ചെയ്യണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു. പത്തനംതിട്ടയിൽ നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ഇത്രയും നീചമായ പ്രവൃത്തി ചെയ്ത ആ സ്ത്രീ ചിരിച്ചു കളിച്ചാണ് കോടതിയിലേക്ക് കയറുന്നത്. താടകയും വൃത്തികെട്ട സ്ത്രീയുമാണവർ. സി.പി.എം കണ്ണൂർ നേതൃത്വം മുഴുവൻ അവർക്കൊപ്പമുണ്ട്. ഈ സ്ത്രീ ചെയ്തത് എന്തോ ധീരകൃത്യമാണെന്ന് കരുതുന്ന വൃത്തികെട്ട മനസ്സിന്റെ ഉടമകളായി സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാ നേതൃത്വം മാറിയിരിക്കുന്നു എന്നത് ദുഃകരമാണ്. ഇതിൽ ശരിക്കും സി.ബി.ഐ അന്വേഷണമോ ജുഡീഷ്യൽ എൻക്വയറിയോ വേണം. പമ്പിന് അപേക്ഷ നൽകിയ ആൾ അഞ്ച് പൈസക്ക് ഗതിയില്ലാത്തവനാണ്. പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ ബെനാമിയാണ് അയാൾ. അയാൾ ഒരാളുടെ ജീവിതം തകർത്തു. അത് ആഘോഷിക്കുകയാണ് കണ്ണൂർ സി.പി.എം. ഇനിയെങ്കിലും ജനം ബോധവാന്മാരാകണം” -പി.സി. ജോർജ് പറഞ്ഞു.

അതേസമയം എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന ദിവ്യ, നവീൻ ബാബുവിന്റെ യാത്രയയപ്പിൽ പ​ങ്കെടുത്തത് കലക്ടർ പറഞ്ഞിട്ടാണെന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ആവർത്തിച്ചു. അഴിമതിക്കെതിരെയാണ് യാത്രയയപ്പ് യോഗത്തിൽ സംസാരിച്ചത്. നല്ല ഉദ്ദേശ്യമായിരുന്നു ഉണ്ടായിരുന്നത്. എ.ഡി.എമ്മിന് മനോവേദനയുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. ഉദ്യോഗസ്ഥതലത്തിലെ അഴിമതി തുറന്നുകാട്ടുകയായിരുന്നു ലക്ഷ്യമെന്നും ദിവ്യ അന്വേഷണ സംഘത്തോട് പറഞ്ഞു. എന്നാൽ കൈക്കൂലി ആരോപണത്തെ കുറിച്ച് ദിവ്യ വ്യക്തമായ മറുപടി നൽകിയില്ല. മൂന്നുമണി​ക്കൂറാണ് അന്വേഷണ സംഘം ദിവ്യയെ ചോദ്യം ചെയ്തത്. ചോദ്യങ്ങൾക്കെല്ലാം ദിവ്യ മറുപടി നൽകിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

Tags:    
News Summary - PC George Slams CPM and PP Divya in Naveen Babu Death Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.