മഅ്ദനിക്ക് പി. ജയരാജന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട -പി.ഡി.പി.

കൊച്ചി: കേരളത്തിലെ മുസ്‌ലിം ചെറുപ്പക്കാരില്‍ തീവ്രവാദ ചിന്ത വളര്‍ത്തിയതില്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് പങ്കുണ്ടെന്ന പി. ജയരാജന്റെ പുസ്തകത്തിലെ പരാമര്‍ശം അന്ധന്‍ ആനയെക്കണ്ട പ്രതിഭാസമാണെന്ന് പി.ഡി.പി. നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊണ്ണൂറുകളില്‍ മഅ്ദനി രൂപം കൊടുത്ത സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനത്തിന്റെ പേരില്‍ മഅ്ദനിക്കെതിരെ കേരളത്തില്‍ ഒരു കേസ് പോലും നിലനില്‍ക്കുന്നില്ല. പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ പോലീസ് പ്രതിചേര്‍ത്ത എല്ലാ കേസുകളിലും കോടതികള്‍ നിരപരാധിയെന്നാണ് വിധി പറഞ്ഞിട്ടുള്ളത്. ആ സംഘടനയുടെ ചെയര്‍മാനായിരിക്കെയാണ് 1992 ഓഗസ്റ്റ് 6 ന് ആർ.എസ്.എസുകാര്‍ മഅ്ദനിയെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിക്കുന്നതും വലതുകാല്‍ മുറിച്ച് മാറ്റപ്പെടുന്നതും. സംഘ്പരിവാരത്തിനും ഫാസിസത്തിനുമെതിരെ ഇന്ന് മതേതര കക്ഷികളും നേതാക്കളും ഉയര്‍ത്തുന്ന പ്രതികരണമാണ് അന്ന് മഅ്ദനിയും ഉറക്കെ പറഞ്ഞിട്ടുള്ളത്. പക്ഷെ അന്ന് അത് പറയാന്‍ മഅ്ദനി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് കൊണ്ട് സംഘ്പരിവാര്‍ ഉന്നയിച്ചുകൊണ്ടിരുന്ന ആരോപണങ്ങള്‍ പി. ജയരാജന്‍ ഏറ്റുപിടിക്കുന്നത് അടിസ്ഥാനരഹിതമാണ്.

1993 ല്‍ ഒറ്റപ്പാലത്ത് നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി എസ്.ശിവരാമന് വേണ്ടി മഅ്ദനി തെരഞ്ഞെടുപ്പ് പര്യടനം നടത്തിയതും, സഖാവ് ഇ.എം.എസ്. മഅ്ദനിയെ ഗാന്ധിജിയോട് ഉപമിച്ചതും പി. ജയരാജന്‍ കുറിക്കാന്‍ മറന്നതെന്താണ്? 1999 ഓഗസ്റ്റില്‍ RSS ആക്രമണത്തില്‍ കൈപ്പത്തി നഷ്ടപ്പെട്ട പി. ജയരാജന്‍ മതേതരത്വത്തിന്റെ മിശിഹായാവുന്നതും അതേ ആർ.എസ്.എസിന്റെ ആക്രമണത്തില്‍ വലതുകാല്‍ നഷ്ടപ്പെട്ട മഅ്ദനി തീവ്രചിന്താഗതിക്കാരനുമാകുന്നതിന്റെ മാനദണ്ഡം പോലും സംഘ്പരിവാര്‍ സൃഷ്ടിച്ച പൊതുബോധമാണ്

പി.ഡി.പി.ക്ക് മുന്‍പോ ശേഷമോ മഅ്ദനിയുടെ പൊതുപ്രവര്‍ത്തനത്തിന്റെ ഇടപെടലുകളുടെ ഭാഗമായി ഒരു മനുഷ്യനും കൊല്ലപ്പെട്ടിട്ടില്ല. മഅ്ദനിയുടെ അണികളില്‍ ഒരാളും നാളിതുവരെ ജയിലിലടക്കപ്പെട്ടിട്ടുമില്ല. അബ്ദുന്നാസിര്‍ മഅ്ദനിയുടെ പൊതുപ്രവര്‍ത്തനത്തിലെ ഏതെങ്കിലും കാലഘട്ടത്തില്‍ തീവ്രവാദ നിലപാട് സ്വീകരിച്ചിരുന്നു എന്നതിന് വസ്തുതകളും തെളിവുകളും നിരത്തി പരസ്യ സംവാദത്തിന് തയാറുണ്ടോ എന്ന് വെല്ലുവിളിക്കാന്‍ പി.ഡി.പി.ക്ക് കഴിയും.

പുസ്തകം പൂര്‍ണ്ണരൂപത്തില്‍ പഠിച്ചതിന് ശേഷം അപവാദങ്ങള്‍ക്കെതിരെ അക്കമിട്ട് മറുപടി പറയും. ഫാസിസം രാജ്യം മൊത്തം കീഴടക്കാന്‍ മതേതര ജനാധിപത്യ കക്ഷികളെ ഭിന്നിപ്പിക്കാനും തകര്‍ക്കാനും ആസൂത്രിതമായ പദ്ധതികളും പരിപാടികളും ആവിഷ്ക്കരിച്ച് നടപ്പിലാക്കുമ്പോള്‍ ഇടതുമതേതര ചേരിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് വെള്ളവും വളവും പകര്‍ന്ന് കൊടുക്കുന്നവരായി ഇടതുനേതാക്കള്‍ മാറരുത്.

എറണാകുളം ഇന്‍സാഫ് ഭവനില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി.എം.അലിയാര്‍, മുഹമ്മദ് റജീബ്, മജീദ് ചേര്‍പ്പ്, ടി.എ.മുജീബ് റഹ്മാന്‍, ജില്ലാ സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - PDP leaders against P Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.