വിദ്യാനഗർ: സാമൂഹിക പെൻഷൻ വിതരണത്തിനിടെ സഹകരണ ജീവനക്കാരിയിൽനിന്ന് രണ്ടര ലക്ഷം കവർന്നിട്ട് ഒരു വർഷം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കേരള കോഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച 3.30 ന് ചട്ടഞ്ചാൽ ടൗണിൽ സായാഹ്ന ധർണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. കെ.സി.ഇ.എഫ് സംസ്ഥാന ട്രഷറർ പി.കെ. വിനയകുമാർ മുഖ്യപ്രഭാഷണം നടത്തും.
2020 ജനുവരി ഒന്നിന് വൈകീട്ട് മൂന്നരയോടെ ചെമ്മനാട് കാലിച്ചാമരത്താണ് കവർച്ച നടന്നത്. ചെമ്മനാട് സഹകരണ ബാങ്ക് ദിനനിക്ഷേപ പിരിവുകാരിയായ എസ്. സൗമ്യയാണ് കവർച്ചക്കിരയായത്. സാമൂഹിക പെൻഷൻ വിതരണത്തിനായി സ്കൂട്ടറിൽ പോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേരാണ് പണം കവർന്നത്.
ഹെൽമറ്റും മുഖം മൂടിയും കൈയുറയും ധരിച്ചെത്തിയവർ പിന്നിൽനിന്ന് സ്കൂട്ടർ ചവിട്ടിവീഴ്ത്തി പണമടങ്ങിയ സഞ്ചി തട്ടിപ്പറിക്കുകയായിരുന്നു. 2,48,000 രൂപയാണ് നഷ്ടപ്പെട്ടത്. പിന്നീട് സഞ്ചി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ബൈക്കിെൻറ നമ്പർ സൗമ്യ ഓർത്തെടുത്ത് പൊലീസിന് നൽകിയിരുന്നെങ്കിലും അന്വേഷണത്തിൽ വ്യാജ നമ്പറാണെന്ന് കണ്ടെത്തിയിരുന്നു. കവർച്ചയിൽ നഷ്ടപ്പെട്ട തുക ബാങ്ക് ജീവനക്കാരിൽനിന്നും മറ്റും കടം വാങ്ങിയാണ് സൗമ്യ പെൻഷൻ വിതരണം പൂർത്തിയാക്കിയത്.
കേരള കോഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് നടത്തിയ സമരപ്രഖ്യാപനത്തിന് പിന്നാലെ പൊലീസ് അന്വേഷണം പുനരാരംഭിച്ചിട്ടുണ്ട്. മേൽപറമ്പ് സി.ഐ സി.എൽ. ബെന്നിലാലു കഴിഞ്ഞ ദിവസം സൗമ്യയിൽനിന്ന് വീണ്ടും മൊഴിയെടുത്തു. കാര്യക്ഷമമായ അന്വേഷണം നടന്നില്ലെങ്കിൽ ബഹുജന പങ്കാളിത്തത്തോടെ ജില്ല പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തുമെന്നും കെ.സി.ഇ.എഫ് നേതാക്കൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് പി.കെ. വിനോദ്കുമാർ, ജില്ല സെക്രട്ടറി കെ. ശശി, വനിത ഫോറം സംസ്ഥാന കൺവീനർ പി. ശോഭ, സംസ്ഥാന നിർവാഹക സമിതി അംഗം പി.കെ. പ്രകാശ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ഇ. വേണുഗോപാലൻ, താലൂക്ക് പ്രസിഡൻറുമാരായ സി.ഇ. ജയൻ, മധുസൂദനൻ ഗദ്ദിമൂല, ജില്ല കമ്മിറ്റി അംഗം കെ. നാരായണൻ നായർ, കവർച്ചക്കിരയായ എസ്. സൗമ്യ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.