'ജനം വരുന്നത് ഔദാര്യത്തിനല്ല, ജനസേവനമാണ് ചെയ്യുന്നതെന്ന് ബോധം വേണം' -ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വരുന്നത് ഔദാര്യത്തിനല്ലെന്നും അവകാശം നേടാനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദീർഘനാൾ വാതിൽ മുട്ടിയിട്ടും തുറക്കാത്തവരുടെ ലക്ഷ്യം വേറെയാണെന്നും അത്തരക്കാർ പോകുന്നത് വേറെ ഇടത്താകുമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി. തദ്ദേശ സ്ഥാപനങ്ങളിൽ അഴിമതി അനുവദിക്കില്ലെന്നും പിണറായി വിജയൻ പറഞ്ഞു. കേരള മുനിസിപ്പൽ -കോർപറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പലപ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്ന് ജനങ്ങൾക്ക് ആരോഗ്യപരമായ സമീപനം ലഭിക്കുന്നില്ല. ഇതുസംബന്ധിച്ച് വ്യാപക പരാതി ഉയരുന്നുണ്ട്. കസേരയിലിരിക്കുന്നത് ജനങ്ങളെ വിഷമിപ്പിക്കാനോ ബുദ്ധിമുട്ടിക്കാനോ അല്ലെന്നും ജനസേവനമാണ് ചെയ്യുന്നതെന്ന് ബോധം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്‍റെ പൊതുസ്വഭാവത്തിന് ചേരാത്ത കടുത്ത ദുഷ്പ്രവണതകൾ നിലനിൽക്കുന്നു എന്നതാണ് യാഥാർഥ്യം. ഇതിൽ നിന്ന് എങ്ങനെ മുക്തി നേടാമെന്ന് ചിന്തിക്കണം. അനുവദിക്കാൻ പറ്റാത്ത കാര്യങ്ങൾ പറ്റില്ലെന്ന് തന്നെ പറയണം. അതേസമയം, അനുവദിക്കാവുന്ന കാര്യങ്ങളിൽ വിമുഖത കാണിക്കരുതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അഴിമതി ഏറ്റവും കുറഞ്ഞ നാടാണ് നമ്മുടേത്. എന്നാല്‍, അഴിമതി തീരെ ഇല്ലാത്ത നാടാവുകയാണ് നമ്മുടെ ലക്ഷ്യം. ഓരോ തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയിലുള്ള ആയിരം ആളുകള്‍ക്ക് അഞ്ച് തൊഴില്‍ എന്നത് സര്‍ക്കാര്‍ നിലപാടാണ്. അത് പ്രഖ്യാപനത്തില്‍ കിടക്കേണ്ടതല്ല, അക്കാര്യം നടക്കണം. ആരെങ്കിലും തൊഴില്‍ നല്‍കുന്ന സ്ഥാപനവുമായി വരുമ്പോള്‍ അവരെ ശത്രുക്കളായി കാണുന്ന ചിലരുണ്ടെന്നും അത്തരക്കാര്‍ നാടിന്‍റെ ശത്രുക്കളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനങ്ങൾക്ക് തൊഴില്‍ നല്‍കാന്‍ വരുന്നവരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്തം. ഉദ്യോഗസ്ഥർ ചെയ്യുന്ന പ്രവൃത്തികൾ അവരുടെ ജോലിയുടെ ഭാഗമാണെന്ന് ഓര്‍മ വേണം. ചുമതല നിര്‍വഹിക്കുന്നത് ആളുകളെ ഉപദ്രവിക്കാനല്ല. ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളില്‍ തടസം പറയാന്‍ പാടില്ല. പലപ്പോഴും അത്തരത്തിൽ ഉണ്ടാകുന്നുണ്ട്. ഈ കാര്യങ്ങളില്‍ കൃതൃമായ സമീപനം സ്വീകരിച്ച് ഉദ്യോഗസ്ഥർ മുന്നോട്ടു പോകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

Tags:    
News Summary - People come to local bodies not for charity '; CM Pinarayi Vijayan warns officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.