കൊച്ചി: ഉടമപോലുമറിയാതെ വാഹനത്തിന്‍റെ ഉടമസ്ഥാവകാശം കൈമാറുന്നത് തടയാൻ കൈമാറ്റം ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യത്തിൽ ഹൈകോടതി കേന്ദ്ര സർക്കാറിന്‍റെ വിശദീകരണം തേടി.
ബാങ്കിൽ ബാധ്യതയില്ലാത്ത വാഹനങ്ങളുടെ ഉടമസ്ഥത പരിവാഹൻ വെബ് സൈറ്റ് വഴി ഉടമസ്ഥൻ അറിയാതെ കൈമാറാൻ കഴിയുന്ന സാഹചര്യമടക്കം ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് മുരളി പുരുഷോത്തമൻ എതിർ കക്ഷികളുടെ വിശദീകരണം തേടിയത്. തന്‍റെ ഉടമസ്ഥതയിലുള്ള വാഹനം രേഖകളിൽ തന്‍റെ വ്യാജ ഒപ്പിട്ട് ഭർത്താവ് സ്വന്തം പേരിലേക്ക് മാറ്റിയെന്ന് ആരോപിച്ച് എറണാകുളം സ്വദേശിയായ യുവതി നൽകിയ ഹരജിയിലാണ് ഉടമസ്ഥത കൈമാറ്റം ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
വാഹന കൈമാറ്റത്തിനുള്ള ഒരു രേഖയിലും താൻ ഒപ്പിട്ടിരുന്നില്ലെങ്കിലും ഭർത്താവ് വ്യാജ ഒപ്പിട്ട് നൽകിയ അപേക്ഷയെ തുടർന്ന് വാഹനത്തിന്‍റെ ഉടമസ്ഥത മാറിയെന്നാണ് ഹരജിയിൽ പറയുന്നത്. ഇക്കാര്യം അറിഞ്ഞതിനെത്തുടർന്ന് പരാതി നൽകിയപ്പോൾ വാഹനം ബ്ലാക്ക് ലിസ്റ്റിൽപെടുത്തി. എന്നാൽ, മോട്ടോർ വാഹന വകുപ്പ് മറ്റ് നടപടികളൊന്നും സ്വീകരിക്കാതിരുന്നതോടെയാണ് കോടതിയെ സമീപിച്ചത്. ഹരജിക്കാരിയുടെ വാഹനത്തിന്‍റെ ഉടമസ്ഥത മാറ്റം റദ്ദാക്കുക, വ്യാജരേഖകൾ ഹാജരാക്കി ഉടമസ്ഥത മാറ്റിയ ഭർത്താവിനെതിരെ നിയമപരമായ നടപടിക്ക് നിർദേശം നൽകുക തുടങ്ങിയ ആവശ്യങ്ങളും ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.