കൊച്ചി: സ്കൂളുകളിൽ അധിക തസ്തികയോ ഡിവിഷനോ സൃഷ്ടിക്കാൻ സർക്കാറിന്‍റെ മുൻകൂർ അനുമതി വേണമെന്നതടക്കം കേരള വിദ്യാഭ്യാസ ചട്ടത്തിൽ (കെ.ഇ.ആർ) സർക്കാർ കൊണ്ടുവന്ന ഭേദഗതിക്കെതിരായ ഹരജികൾ ഹൈകോടതി തള്ളി. ഏപ്രിൽ 14ന് കൊണ്ടുവന്ന വ്യവസ്ഥകൾ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രൈവറ്റ് സ്കൂൾ (എയ്ഡഡ്) മാനേജേഴ്സ് അസോ. സംസ്ഥാന ജനറൽ സെക്രട്ടറിയും കൊല്ലം ചെറിയ വെളിനല്ലൂർ കെ.പി.എം.എച്ച്.എസ്.എസ് മാനേജറുമായ കെ. മണി ഉൾപ്പെടെയുള്ളവർ നൽകിയ ഹരജികളാണ് ജസ്റ്റിസ് രാജ വിജയരാഘവൻ തള്ളിയത്. സർക്കാറിന്‍റെ നയപരമായ തീരുമാനത്തിന്‍റെ ഭാഗമാണ് ഭേദഗതിയെന്നും ഇടപെടാനാവില്ലെന്നും വ്യക്തമാക്കിയാണ് സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്.

സർക്കാറിന്‍റെ മുൻകൂർ അനുമതിക്ക് പുറമെ എല്ലാ വർഷവും ഓക്ടോബർ ഒന്ന് മുതൽ മാത്രമേ അധിക ഡിവിഷനോ തസ്തികയോ പ്രാബല്യത്തിൽ വരൂവെന്നതായിരുന്നു ഭേദഗതിയിലെ പ്രധാന വ്യവസ്ഥ. സ്റ്റാഫ് ഫിക്സേഷൻ ഓർഡർ എല്ലാ ജൂലൈ 15നും ആക്കി. ഇത് ഓക്ടോബർ ഒന്നുവരെ പുതിയ ഡിവിഷനിലേക്ക് അധ്യാപകരെ കിട്ടാത്ത അവസ്ഥയുണ്ടാക്കുമെന്നായിരുന്നു ഹരജിയിലെ ആരോപണം. തസ്തിക നിർണയ ഉത്തരവ് ജനുവരി 31വരെ ഏതുസമയവും പുനഃപരിശോധിക്കാമെന്ന വ്യവസ്ഥ നിലനിൽക്കുന്നതല്ലെന്നും നിയമനം ലഭിച്ച അധ്യാപകരുടെ ജോലിസ്ഥിരതയെ ബാധിക്കുന്നതാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.എന്നാൽ, നിയമനിർമാണ സഭ അതിന്‍റെ അധികാരം ഉപയോഗിച്ചാണ് നയപരമായ തീരുമാനമെടുത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമം കൊണ്ടുവരുന്നതും അതിൽ ഭേദഗതി വരുത്തുന്നതും ഈ അധികാരത്തിന്‍റെ ഭാഗമായാണ്.

അധികാരമില്ലാതെയാണ് ഈ തീരുമാനമെടുത്തതെന്നോ തീരുമാനത്തിൽ നിയമപരമായ അപര്യാപ്തതയുണ്ടെന്നോ തീരുമാനം അടിസ്ഥാന നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നോ ഭരണഘടന അനുശാസിച്ചിട്ടുള്ള പരിമിതികൾ ലംഘിച്ചുവെന്നോ ബോധ്യമാകാത്തപക്ഷം നയപരമായ തീരുമാനങ്ങളിൽ കോടതിക്ക് ഇടപെടാനാവില്ല. ഇത് ബോധ്യപ്പെടുത്താൻ ഹരജിക്കാർക്ക് സാധിച്ചിട്ടില്ലെന്നും ഹരജികൾ തള്ളി കോടതി വ്യക്തമാക്കി.

Tags:    
News Summary - Petitions dismissed; The High Court upheld the KER amendment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.