കോഴിക്കോട്: തുടർച്ചയായ ഏഴാം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയാണ് വര്‍ധിപ്പിച്ചത്. ഒരു മാസത്തിനിടെ പെട്രോളിന് കൂട്ടിയത് എട്ട് രൂപയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 112 രൂപ 73 പൈസയും കോഴിക്കോട് 111 രൂപ 18 പൈസയാണ്. കൊച്ചിയിൽ പെട്രോളിനു 110.26 രൂപയാണ്.
ഇന്നലെ പെട്രോളിനും ഡീസലിനും 48 പൈസ വീതം കൂട്ടിയിരുന്നു. ഇതിനൊപ്പം വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 265 രൂപയും കൂട്ടിയിരുന്നു.
അതേസമയം ദിനംപ്രതി ഉയരുന്ന പെട്രോൾ വിലയിൽ സംസ്ഥാന സർക്കാർ ഇടപെടാത്തത് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കാത്തതായിരിക്കും പ്രതിപക്ഷത്തിന്റെ ആയുധം. പാചക വാതക വിലവർധനവിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടുള്ള ശ്രദ്ധ്ര ക്ഷണിക്കലും സഭയിലുണ്ടാകും.
വൻ വിലയിൽ പാചക വാതകം; ഹോട്ടലുകൾക്ക് കനത്ത ബാധ്യത
കൊച്ചി: പെട്രോൾ, ഡീസൽ വിലവർധനയിൽ പൊറുതിമുട്ടിയ ജനത്തിന് മേൽ ഇടിത്തീയായി പാചക വാതക വിലവർധന. എണ്ണക്കമ്പനികൾ തിങ്കളാഴ്ച വാണിജ്യാവശ്യ സിലിണ്ടറുകൾക്ക് 266 രൂപ കൂട്ടി. ഗാർഹിക സിലിണ്ടറുകൾക്ക് ഇക്കുറി വിലവർധിപ്പിച്ചില്ല. കൊച്ചിയിൽ വാണിജ്യ സിലിണ്ടറുകളുടെ വില 1994 രൂപയായി. സംസ്ഥാനത്ത് മറ്റിടങ്ങളിൽ ഇത് 2000 രൂപക്ക് മേൽ എത്തും. കഴിഞ്ഞ മാസം ആറിന് ഇരുവിഭാഗം സിലിണ്ടറുകൾക്കും 15 രൂപ വീതവും വർധിപ്പിച്ചിരുന്നു.
ഹോട്ടലുകൾക്കും കാൻറീനുകൾക്കും വിവാഹ സദ്യ ഒരുക്കുന്നവർക്കും കനത്ത തിരിച്ചടിയാണ് വാണിജ്യ സിലിണ്ടറുകളുടെ കുത്തനെയുള്ള വിലവർധന. ഈ വർഷം ഇതുവരെ 721.50 രൂപയാണ് വാണിജ്യ സിലിണ്ടറുകൾക്ക് മാത്രം വർധിപ്പിച്ചത്. ഗാർഹിക സിലിണ്ടർ വില 205 രൂപയും കൂട്ടി. പൊതുവിപണിയിലെ വിലയിലേക്ക് പാചക വാതകത്തിെൻറ വില ഏകീകരിക്കുന്നതിെൻറ ഭാഗമായി ഓരോ മാസവും എണ്ണക്കമ്പനികൾ വില വർധിപ്പിച്ചിരുന്നു.
ഇതോടെ 2020 മേയ് മാസത്തോടെ സബ്സിഡി പൂർണമായി ഇല്ലാതാക്കി മാർക്കറ്റ് വിലയിലേക്ക് പാചക വാതകം എത്തിച്ചു.ഡീസൽ വില 106 രൂപയിൽ എത്തിയത് നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വലിയ വർധന വരുത്തിയിട്ടുണ്ട്. ഹോട്ടലുകളിൽ പാചകവാതകത്തിന് മാത്രം ദിനംപ്രതി 3000 രൂപയുടെ അധിക ബാധ്യത വരുന്നുവെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റാറൻറ് അസോസിയേഷന് പ്രസിഡൻറ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍സെക്രട്ടറി ജി. ജയപാലും അറിയിച്ചു. ഭക്ഷണത്തിന് വില വർധിപ്പിക്കേണ്ടി വരുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.