ന്യൂഡൽഹി: ജയിലിൽനിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന പോപുലർ ഫ്രണ്ട് നേതാവ് ഇ. അബൂബക്കറിന്റെ അപേക്ഷ ഡൽഹി ഹൈകോടതി തള്ളി. ഭീമ കൊറേഗാവ് കേസിൽ ഗൗതം നവ്ലാഖക്ക് സുപ്രീംകോടതി അനുവദിച്ച വീട്ടുതടങ്കൽ അബൂബക്കറിന്റെ കാര്യത്തിൽ മാതൃകയാക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് അപേക്ഷ തള്ളിയത്.
അബൂബക്കറിനെ കസ്റ്റഡിയിൽ ഡിസംബർ 22ന് എയിംസിൽ പരിശോധനക്ക് അയക്കാൻ ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ, തൽവന്ത് സിങ് എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. എയിംസിൽ പരിശോധനവേളയിൽ മകനെ അടുത്തുനിൽക്കാൻ അനുവദിക്കണമെന്നും ൈഹേകാടതി നിർദേശിച്ചു. ചികിത്സക്ക് ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് വീട്ടു തടങ്കലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി അബൂബക്കറിന്റെ അഭിഭാഷകൻ അഡ്വ. അദിത് പൂജാരിയാണ് ഡൽഹി ഹൈകോടതിയെ സമീപിച്ചത്.
അർബുദവും പാർക്കിൻസൺസും അലട്ടുന്ന അബൂബക്കറിന് നിരന്തര ചികിത്സ വേണമെന്ന് പൂജാരി വാദിച്ചു. അബൂബക്കറിന് സാധ്യമായതിൽ മികച്ച ചികിത്സ നൽകുന്നുണ്ട് എന്നായിരുന്നു എൻ.ഐ.എയുടെ പ്രത്യേക പബ്ലിക് പ്രോസിക്യുട്ടർ അക്ഷയ് മാലികിന്റെ വാദം.
എന്നാൽ, ചികിത്സക്ക് ജാമ്യം ചോദിക്കുന്ന അബൂബക്കറിനെ എന്തിനാണ് തങ്ങൾ വീട്ടുതടങ്കലിലേക്ക് അയക്കുന്നതെന്ന് ഹൈകോടതി ചോദിച്ചു. അതിനാൽ, കോടതി വീട്ടുതടങ്കൽ അനുവദിക്കില്ല. വീട്ടു തടങ്കലിന് നിയമത്തിൽ വകുപ്പില്ല. ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർ ആവശ്യപ്പെടാത്തതിനാൽ വീട്ടുതടങ്കൽ പറ്റില്ല. ആരോഗ്യാവസ്ഥ മോശമായതിനാൽ ആശുപത്രിയിൽ പോകണമെങ്കിൽ അതിന് ഉത്തരവിടാനാകും. കൂടെ നിൽക്കാൻ ഒരാളെയും അനുവദിക്കാം. മറ്റൊന്നും അനുവദിക്കില്ലെന്നും ഹൈകോടതി വ്യക്തമാക്കി. തുടർന്ന് കേസ് അടുത്ത വർഷം ജനുവരിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.