തിരുവനന്തപുരം: അത്യാഹിത വിഭാഗ ബഹിഷ്കരണം പി.ജി ഡോക്ടർമാർ തുടരുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളജുകളിലെ ശസ്ത്രക്രിയകളുടെ എണ്ണം കുറഞ്ഞു.
എല്ലാവർക്കും ചികിത്സയെത്തിക്കുന്നതിന് ഒ.പി സമയം കൂട്ടിയെങ്കിലും പ്രതിസന്ധിക്ക് അയവില്ല. ഇതിനിടെ താൽക്കാലികമായി നിയോഗിച്ച 307 ജൂനിയർ ഡോക്ടർമാർ ജോലിയിൽ പ്രവേശിച്ചു. ജൂനിയർ ഡോക്ടർമാർക്ക് പുറമെ ഹൗസ് സർജൻമാരുടെ ഏകദിന സൂചന സമരം അവസാനിച്ചതോടെ അവർകൂടി ഡ്യൂട്ടിയിൽ തിരികെയെത്തിയതും നേരിയ ആശ്വാസമാകുന്നുണ്ട്. പി.ജി ഡോക്ടർമാരുടെ സമരംമൂലമുള്ള അധികജോലി അസി.പ്രഫസർമാർ ചെയ്യണമെന്ന് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. പലയിടങ്ങളിലും മുൻകൂട്ടി നിശ്ചയിച്ചതും അടിയന്തരമല്ലാത്തതുമായ ശസ്ത്രക്രിയകൾ മുടങ്ങി. ഇവർക്ക് മറ്റൊരു ദിവസത്തെ ഡേറ്റ് നൽകുകയാണ്. ചിലയിടങ്ങിൽ വിവിധ യൂനിറ്റുകളിലെ ഡോക്ടർമാരെ വിളിച്ചുവരുത്തിയാണ് ഒ.പി വിഭാഗത്തിൽ രോഗികളെ പരിശോധിക്കുന്നത്.
എമർജൻസി ശസ്ത്രക്രിയകളിൽ ഒരു പ്രധാന ഡോക്ടറും മൂന്നും അതിലധികവും പി.ജി ഡോക്ടർമാരുമാണ് ഉൾപ്പെടുന്നത്. ഇതാണ് ശസ്ത്രക്രിയകളുടെ എണ്ണം കുറയാൻ കാരണം. ഇതിനിടെ ശമ്പള പരിഷ്കരണത്തിെല അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹെൽത്ത് സർവിസസിലെ ഡോക്ടർ നടത്തുന്ന നിൽപ് സമരം ഏഴ് ദിവസം പിന്നിട്ടു.
ചൊവ്വാഴ്ച എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സേവനനിരതരായ ഡോക്ടർമാരെ തെരുവിൽ സമരത്തിനിറക്കുന്നത് ഒരു ജനാധിപത്യ സർക്കാറിന് ഭൂഷണമല്ലെന്നും ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.