തലശ്ശേരി: ലാവലിൻ കേസിൽനിന്ന് ഹൈകോടതി കുറ്റമുക്തനാക്കിയശേഷം ആദ്യമായി മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി മലബാർ കാൻസർ സെൻററിൽ എത്തി. മലബാർ കാൻസർ സെൻററിൽ സ്ഥാപിച്ച സർക്കാർമേഖലയിലെ സംസ്ഥാനത്തെ ആദ്യത്തെ കാൻസർ ജെനറ്റിക് ലാബ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം. എം.സി.സിയെക്കുറിച്ച് പറഞ്ഞാൽ ഏറെ പറയേണ്ടിവരുമെന്ന മുഖവുരയോടെയാണ് അദ്ദേഹം സംസാരിച്ചുതുടങ്ങിയത്.
ഇത്തരം സ്ഥാപനം മലബാറിൽ അത്യാവശ്യമാണെന്ന നിർദേശം നൽകിയത് മുൻ ആർ.സി.സി ഡയറക്ടർ ഡോ. കൃഷ്ണൻ നായരായിരുന്നു. തിരുവനന്തപുരം ആർ.സി.സിയിൽ എത്തുന്ന മലബാറിൽനിന്നുള്ള രോഗികളുടെ എണ്ണം കണക്കാക്കിയായിരുന്നു നിർദേശം. 1996ൽ അധികാരത്തിൽവന്ന എൽ.ഡി.എഫ് സർക്കാറിൽ വൈദ്യുതിമന്ത്രിയായിരിക്കെയാണ് തലശ്ശേരിയിൽ സ്ഥാപനം തുടങ്ങാനുള്ള ആലോചന നടത്തിയത്. വിവിധ ഏജൻസികളുടെ സഹായത്തോടെ ആശുപത്രി സ്ഥാപിക്കാൻ തയാറാണെന്ന് കനേഡിയൻ സർക്കാർ വ്യക്തമാക്കി. കോടിയേരിയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി. അങ്ങനെയാണ് എം.സി.സി തുടങ്ങിയത്. എന്നാൽ, തറക്കല്ലിടുന്ന ഘട്ടംവരെ മാത്രമേ താൻ ഭരണരംഗത്തുണ്ടായിരുന്നുള്ളൂ. പരിയാരം മെഡിക്കൽ കോളജിെൻറയും എം.സി.സിയുടെയും കൺസൽട്ടൻസിയായി ചെന്നൈയിലെ ടെക്നിക്കാലിയ എന്ന സ്ഥാപനത്തെ നിയമിച്ചത് യു.ഡി.എഫ് സർക്കാറായിരുന്നു. ഇതിൽ എൽ.ഡി.എഫ് സർക്കാറിന് ബന്ധമൊന്നുമില്ല. എന്നിട്ടും എന്തെല്ലാം അപവാദപ്രചാരണമാണ് അഴിച്ചുവിട്ടത്. തന്നെ പ്രതിയാക്കാൻ പറ്റുമോയെന്നുവരെ നോക്കി. പറ്റില്ലെന്ന് കോടതി പറഞ്ഞു. രാഷ്ട്രീയമായി വേട്ടയാടുകയാണ് ചെയ്തതെന്നും കോടതി വ്യക്തമാക്കി. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.