മണ്ണാർക്കാട്: ആർ.എസ്.എസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർവകക്ഷി യോഗത്തിൽ സമാധാനത്തിനുവേണ്ടി നിലപാട് സ്വീകരിച്ച് പുറത്തിറങ്ങി അക്രമം നടത്തുകയാണ് ആർ.എസ്.എസ് നേതൃത്വമെന്ന് പിണറായി കുറ്റപ്പെടുത്തി. സി.പി.എം ജില്ല സമ്മേളനത്തിെൻറ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നേതാക്കളുടെ അറിവോടെയാണ് സംസ്ഥാനത്തെ സമാധാനം നശിപ്പിക്കാനായി ആർ.എസ്.എസ്-ബി.ജെ.പി സംഘം ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തും കണ്ണൂരും പന്തളത്തും ഉണ്ടായ സംഭവങ്ങൾ ആസൂത്രിതമാണ്. ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അക്രമം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാറിേൻറത്. സംഘ്പരിവാർ ഇടതുപക്ഷത്തെയാണ് പ്രധാന ശത്രുവായി കാണുന്നത്. കോൺഗ്രസുമായി രാഷ്ട്രീയ സഖ്യത്തിനില്ലെന്ന നിലപാട് പോളിറ്റ് ബ്യൂറോ അംഗംകൂടിയായ പിണറായി പാലക്കാട് സമ്മേളനത്തിലും ആവർത്തിച്ചു. നവ ഉദാരവത്കരണ നയങ്ങളുടെ വക്താക്കളായ കോൺഗ്രസുമായി രാഷ്ട്രീയ കൂട്ടുകെട്ടിനില്ല. എന്നാൽ, സാമ്രാജ്യത്വ വിരുദ്ധ, മതനിരപേക്ഷ, അഴിമതിമുക്ത ഭരണത്തിനായി മതേതര കക്ഷികളുമായി ഒന്നിച്ച് പ്രക്ഷോഭം നടത്തും. സംസ്ഥാന ഭരണത്തിൽ പൊതുമേഖല സ്ഥാപനങ്ങളുടെ നഷ്ടം കുറക്കാൻ കഴിഞ്ഞു. ജനങ്ങളോട് പറഞ്ഞവ പൂർത്തിയാക്കുക എന്നതാണ് സർക്കാറിെൻറ ലക്ഷ്യം.
മുതിർന്ന അംഗവും മുൻ എം.എൽ.എയുമായ സി.ടി. കൃഷ്ണൻ പതാക ഉയർത്തിയതോടെയാണ് മൂന്നുദിവസത്തെ സമ്മേളനത്തിന് തുടക്കമായത്. ജില്ലയിലെ 15 ഏരിയ കമ്മിറ്റികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ജില്ല കമ്മിറ്റി അംഗങ്ങളുമടക്കം 372 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പിണറായി വിജയനെ കൂടാതെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ. ബാലൻ, എ. വിജയരാഘവൻ, എളമരം കരീം, പി.കെ. ശ്രീമതി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.വി. ഗോവിന്ദൻ, ബേബി ജോൺ, ടി.പി. രാമകൃഷ്ണൻ എന്നിവരും സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.