പറയുമ്പോൾ തിരികെ കിട്ടുമെന്ന് രാഹുൽ ഓർക്കണം; അൻവറിനെ തള്ളാതെ പിണറായി വിജയൻ

കണ്ണൂർ: രാഹുൽ ഗാന്ധിക്കെതിരായ പി.വി. അൻവറിന്‍റെ അധിക്ഷേപ പരാമർശം തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ. പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് രാഹുലും ആലോചിക്കണമെന്ന് പിണറായി ചൂണ്ടിക്കാട്ടി.

രാഹുലിനെതിരെ താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണ്. പഴയ പേരിലേക്ക് പോകരുതെന്ന് പറഞ്ഞത് രാഹുലിന്‍റെ രാഷ്ട്രീയ നിലപാട് കണ്ടിട്ടാണ്. സി.എ.എയിൽ രാഹുലിന് മറുപടിയില്ല. അത് ആർക്കാണ് സന്തോഷം പകർന്നതെന്ന് ചോദിച്ച പിണറായി ഇവിടെയാണ് താൻ രാഹുലിനെ വിമർശിച്ചതെന്നും വ്യക്തമാക്കി.

ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല. കേരളത്തിൽ വന്ന് ബി.ജെ.പിയെ സഹായിക്കുന്ന നിലപാട് എടുത്തു. ഒരു മാറ്റവും രാഹുലിന് വന്നിട്ടില്ല എന്നാണ് മനസിലാകുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി.

മോദിയുടെ വിദ്വേഷ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍റെ നിഷ്പക്ഷത വ്യക്തമാക്കുന്ന സമീപനം ഇതുവരെ ഉണ്ടായിട്ടില്ല. ഉടനെ ഇടപെടേണ്ട കേസാണ്, പക്ഷേ ഇടപെടുന്നില്ല. പച്ചക്കാണ് പ്രധാനമന്ത്രി വർഗീയത പറഞ്ഞത്. ഇതുവരെ കമാ എന്ന് കമീഷൻ മിണ്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ സൂറത്ത് വിജയം സംഭവിക്കാൻ പാടില്ലാത്തതാണ്. പത്രികയിൽ ഒപ്പിടുന്ന ആളുകൾ പോലും വിശ്വസ്തർ അല്ലാതായി. ഏതു രീതിയിലുള്ള കളികളാണ് നടന്നിട്ടുള്ളത്. ന്യൂനപക്ഷങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കോളാമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിൽ അത് അബദ്ധ പ്രസ്താവനയാണ്. കുഞ്ഞാലിക്കുട്ടി അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

പാലക്കാട് എടത്തനാട്ടുകരയിൽ എൽ.ഡി.എഫ് ലോക്കൽ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ പി.വി. അൻവർ അധിക്ഷേപ പരാമർശം നടത്തിയത്. രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്നായിരുന്നു അൻവറിന്‍റെ പരാമർശം. ‘ഗാന്ധി’ എന്ന പേര് ചേർത്ത് ഉച്ചരിക്കാൻ അർഹതയില്ലാത്ത നാലാംകിട പൗരനാണെന്നും പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുൽ എന്ന് മാത്രമേ വിളിക്കൂവെന്നും പി.വി. അൻവർ വ്യക്തമാക്കി.

അൻവറിന്‍റെ പ്രസംഗത്തിൽ നിന്ന്:

‘രണ്ട് ദിവസമായി ‘‘ഗാന്ധി’ എന്ന പേര് കൂട്ടിച്ചേർത്ത് പറയാൻ അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറി. ഞാനല്ല പറഞ്ഞത്, ഇന്ത്യയിലെ ഭക്ഷണം കഴിക്കുന്നന സകല മനുഷ്യരും കഴിഞ്ഞ രണ്ട് ദിവസമായി പറഞ്ഞു കൊണ്ടിരിക്കുകയാണ്.

എന്താ സ്ഥിതി, നെഹ്റു കുടുംബത്തിൽ ഇങ്ങനെയൊരു മനുഷ്യൻ ഉണ്ടാകുമോ? നെഹ്റു കുടുംബത്തിന്‍റെ ജെനിറ്റിക്സിൽ ജനിച്ച ഒരു വ്യക്തിക്ക് അങ്ങനെ പറയാൻ കഴിയുമോ. അക്കാര്യത്തിൽ എനിക്ക് നല്ല സംശയമുണ്ട്.

രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. യാതൊരു തർക്കവുമില്ല. ആ ജവഹർലാൽ നെഹ്റുവിന്‍റെ പേരക്കുട്ടിയായി വളരാനുള്ള ഒരു അർഹതയും രാഹുലിനില്ല. രാഹുൽ മോദിയുടെ ഏജന്‍റാണോ എന്ന് ആലോചിക്കേണ്ടിടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്’’- പി.വി. അൻവർ പറഞ്ഞു.

Tags:    
News Summary - Pinarayi Vijayan react to Pv anvar Hate Statement against Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.