രാജ്യസ്നേഹത്തിന് കമലിന് സംഘ്പരിവാറിന്‍െറ സര്‍ട്ടിഫിക്കറ്റ് വേണ്ട –പിണറായി വിജയന്‍

കോഴിക്കോട്: രാജ്യസ്നേഹം ബോധ്യപ്പെടുത്താന്‍ സംവിധായകനും  ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിന് സംഘ്പരിവാറിന്‍െറ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പയ്യടിമത്തേല്‍ ദേശസേവിനി വായനശാലയില്‍ നടന്ന സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്‍െറ പുരസ്കാര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്താണ് ദേശീയഗാന വിവാദത്തിന്‍െറ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സംഘ്പരിവാറിനെതിരെ രൂക്ഷമായി വിമര്‍ശിച്ചത്.

കമലിന്‍െറ വീടിന് മുന്നില്‍ നടന്ന പ്രതിഷേധം എന്തിനോടാണെന്ന് മനസ്സിലാവുന്നില്ല. ഒരു പ്രശ്നത്തെ വര്‍ഗീയവത്കരിച്ച് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്ന ദുഷ്ടലാക്കാണിതിന് പിന്നില്‍. കമല്‍ എന്ന പേര് കമാലുദ്ദീന്‍ എന്ന് നീട്ടി ഉച്ചരിക്കുന്നതിനു പിന്നില്‍  അസഹിഷ്ണുതയാണുള്ളത്. ഇത്തരം ശ്രമങ്ങള്‍ രാജ്യത്തിന്‍െറ ഒരുമയും ഐക്യവും തകരാന്‍ ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇത് കേരളമാണെന്ന് സംഘ്പരിവാറിനെ ഓര്‍മിപ്പിച്ചാണ് പിണറായി പ്രസംഗം അവസാനിപ്പിച്ചത്. ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കഥാകൃത്ത് ടി. പത്മനാഭന് ഐ.വി. ദാസ് പുരസ്കാരവും മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള പുരസ്കാരം വി.കെ. ബാലനും നല്‍കി. ഗ്രാമീണ വായനശാലക്കുള്ള ഇ.എം.എസ് പുരസ്കാരം പുത്തൂര്‍ ദേശസേവിനി വായനശാലക്കും ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്തു.

 

Tags:    
News Summary - pinarayi vijayan support director kamal in national anthem issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.