'നിലവിലെ സാക്ഷികൾ ചിലപ്പോൾ പ്രതികളായേക്കും'; കള്ളപ്പണ കേസിൽ സുരേന്ദ്രനെ ലക്ഷ്യമിട്ട് പിണറായി

തിരുവനന്തപുരം: കൊടകര കള്ളപ്പണ കേസിന്‍റെ അന്വേഷണം പുരോഗമിക്കുമ്പോൾ നിലവിലെ സാക്ഷികൾ ചിലപ്പോൾ പ്രതികളായേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കള്ളപ്പണ കേസ് ഒതുക്കി തീർക്കാൻ സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നൽകവെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.

Full View


കൊടകരയിൽ നിന്ന് പിടിച്ചെടുത്ത കള്ളപ്പണം ബി.ജെ.പിയുടേതാണെന്ന് തെളിഞ്ഞിട്ടുണ്ട്. കേസിൽ 21 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലാം പ്രതി ബി.ജെ.പി പ്രവർത്തകനാണ്. കേസിൽ കെ. സുരേന്ദ്രൻ അടക്കം 206 സാക്ഷികളുണ്ടെന്നും കേസിന്‍റെ അന്വേഷണം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കള്ളപ്പണത്തിന്‍റെ പ്രധാന കണ്ണിയായ ധർമ്മരാജൻ ബി.ജെ.പി അനുഭാവിയാണ്. കെ. സുരേന്ദ്രൻ അടക്കമുള്ളവരുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ്. ഹവാല ഏജന്‍റായും ഇയാൾ പ്രവർത്തിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് പണം കൊണ്ടുവന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കള്ളപ്പണത്തിന്‍റെ സൂത്രധാരൻ സാക്ഷിയാകുന്ന സൂത്രം കേരള പൊലീസിന് മാത്രമേ അറിയൂവെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിയ റോജി എം. ജോൺ ചൂണ്ടിക്കാട്ടി. കള്ളപ്പണത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് പൊലീസിന് അറിയാം. എന്നിട്ടും അന്വേഷണം മുന്നോട്ടു പോവുകയോ ബി.ജെ.പി സംസ്ഥാന നേതാക്കളിലേക്ക് എത്തിച്ചേരുകയോ ചെയ്യുന്നില്ല. കള്ളപ്പണ കേസിൽ സി.പി.എം-ബി.ജെ.പി ഒത്തുകളി നടക്കുകയാണെന്നും റോജി എം. ജോൺ ആരോപിച്ചു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സൂത്രധാരൻ ആണെന്നാണ് സി.പി.എം നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ, കുറ്റപത്രം സമർപ്പിച്ചപ്പോൾ സൂത്രധാരൻ സാക്ഷിയായി മാറി. മുഖ്യമന്ത്രി ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ ഷാൾ അണിയിച്ചു. അതിന് പിന്നാലെ സ്വർണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നു. കൂടാതെ സുരേന്ദ്രനെ സാക്ഷിയാക്കി കള്ളപ്പണ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നു. ഇതെല്ലാം ഒത്തുതീർപ്പാണെന്നും റോജി എം. ജോൺ പറഞ്ഞു.

Tags:    
News Summary - Pinarayi Vijayan Targeted to K Surendran in Kodaka Money Laundering Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.