'യു.എ.പി.എ ദുരുപയോഗം ചെയ്യരുത്; സി.പി.എമ്മുകാര്‍ക്ക് പ്രത്യേക പരിഗണന വേണ്ട'

തിരുവനന്തപുരം: യു.എ.പി.എ, കാപ്പ നിയമങ്ങള്‍ ഒരുകാരണവശാലും ദുരുപയോഗം ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യമായി കരിനിയമങ്ങള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പിക്കുന്നത് സര്‍ക്കാര്‍ നയമല്ല. മുന്‍കാലങ്ങളില്‍ ഇത്തരം നിയമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്തിട്ടുണ്ട്. അതിന്‍െറ ചീത്തപ്പേര് സേന പേറേണ്ട സാഹചര്യം നിരവധി തവണയുണ്ടായി. അതിനി ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി  നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയ നേതാക്കളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പൊലീസുകാര്‍ പ്രവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാം. നിഷ്പക്ഷമായി പ്രവര്‍ത്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണമുണ്ടാകും. പൊലീസ് സ്റ്റേഷനുകളില്‍ തുല്യനീതി ഉറപ്പാക്കണം. മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരോട് പ്രത്യേക മമത വേണ്ട. വഴിമുടക്കി റോഡ് ഉപരോധിക്കുന്നവരുടെ കാലുപിടിക്കരുത്. സമരക്കാരെ അറസ്റ്റ് ചെയ്യണം. വഴിയാത്രക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് തടസ്സമുണ്ടാക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്തമായി ഇടപെടണം, സ്ത്രീസുരക്ഷക്ക് അങ്ങേയറ്റം പ്രാധാന്യം നല്‍കണം, സൈബര്‍ കുറ്റകൃത്യങ്ങളില്‍ കര്‍ശന നടപടികളുണ്ടാകണം, വര്‍ഗീയസംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ കൈക്കൊള്ളണം തുടങ്ങിയ നിര്‍ദേശങ്ങളും മുഖ്യമന്ത്രി നല്‍കി. ജില്ലകളിലെ ക്രമസമാധാനപ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം ജില്ല പൊലീസ് മേധാവിമാരോട് ആരാഞ്ഞു. 

ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ഇന്‍റലിജന്‍സ് മേധാവി മുഹമ്മദ് യാസിന്‍, സോണല്‍ എ.ഡി.ജി.പിമാര്‍, റേഞ്ച് ഐ.ജിമാര്‍, ജില്ല പൊലീസ് മേധാവിമാര്‍, മറ്റു ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
 

Tags:    
News Summary - pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.