പാലാ: പാർട്ടി വിട്ട സജി മഞ്ഞക്കടമ്പിൽ തിരികെ വന്നാൽ സ്വീകരിക്കുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. സജിയുടേത് വികാരത്തിന് അടിമപ്പെട്ടെടുത്ത തീരുമാനമാണെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.
സജി മഞ്ഞക്കടമ്പിലിനെ എന്നും സഹായിക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂവെന്ന് മോൻസ് ജോസഫ് എം.എൽ.എയും പ്രതികരിച്ചു. മുന്നണിയിലോ പാർട്ടിയിലോ താൻ ഒറ്റപ്പെട്ടിട്ടില്ല. സജിയുടെ രാജിയിലൂടെ താനും പാർട്ടിയും കൂടുതൽ സജീവമായെന്നും മോൻസ് വ്യക്തമാക്കി. കെ.എം. മാണിയുടെ ഓർമദിനത്തിൽ പാലായിലെ കല്ലറയിൽ ആദരാഞ്ജലി അർപ്പിച്ച ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പൊട്ടിത്തെറിയുണ്ടായത്. പാർട്ടി കോട്ടയം ജില്ല പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ, യു.ഡി.എഫ് കോട്ടയം ജില്ല ചെയർമാൻ പദവിയും ഒഴിയുകയായിരുന്നു. പാര്‍ട്ടി എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം.എല്‍.എയുടെ ധാർഷ്ട്യനിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സജി പറയുന്നത്.
അതേസമയം, യു.ഡി.എഫിനെയും പാർട്ടിയെയും സജി മഞ്ഞക്കടമ്പിൽ വഞ്ചിച്ചതായി മോൻസ് ജോസഫ് എം.എൽ.എ പ്രതികരിച്ചു. നിർണായക തെരഞ്ഞെടുപ്പിന് നടുവിൽ യൂദാസിന്‍റെ പണിയാണ് സജി കാണിച്ചത്. ഫ്രാൻസിസ് ജോർജിന്‍റെ വിജയത്തെ ഇത് ബാധിക്കില്ലെന്നും മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.
സജി മഞ്ഞക്കടമ്പിൽ രാജിവെച്ചതിന് പിന്നാലെ യു.ഡി.എഫ് കോട്ടയം ജില്ല ചെയർമാന്‍റെ ചുമതല മുതിർന്ന നേതാവ് ഇ.ജെ. അഗസ്റ്റിക്ക് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.