തിരുവനന്തപുരം: നിയമസഭയില്‍ കെ.ടി. ജലീൽ എം.എല്‍.എക്കെതിരെ അധിക്ഷേപവുമായി പി.കെ. ബഷീര്‍ എം.എല്‍.എ. ‘ഇവനാരാ ഈ ...’ എന്ന് ചോദിച്ചാണ് പി.കെ. ബഷീര്‍ കെ.ടി. ജലീലിനെതിരെ തിരിഞ്ഞത്. നിയമസഭയില്‍ മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ അടിയന്തര പ്രമേയ ചര്‍ച്ചക്കിടെയായിരുന്നു സംഭവം.
മലപ്പുറം ജില്ല രൂപവത്കരണത്തെ കോണ്‍ഗ്രസും ജനസംഘവും ഒരുമിച്ച് എതിര്‍ത്തിരുന്നെന്ന് പറഞ്ഞ ജലീൽ അന്ന് സി.എച്ച് താനൂര്‍ കടപ്പുറത്ത് വെച്ച് നടത്തിയ പ്രസംഗവും സൂചിപ്പിച്ചു. സി.എച്ചിന്റെ എല്ലാ പ്രസംഗങ്ങളും ലേഖനങ്ങളും താന്‍ വായിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മകനായ മുനീര്‍ ഇത് എതിര്‍ക്കുമോയെന്നും ജലീല്‍ ചോദിച്ചു. ഈ സമയത്ത് ബഹളം വെച്ച പി.കെ. ബഷീര്‍ എം.എല്‍.എക്കെതിരെ, പി.കെ. ബഷീര്‍ സി.എച്ചിന്റെ പ്രസംഗങ്ങള്‍ മാത്രമല്ല ഒന്നും വായിച്ചിട്ടുണ്ടാകില്ലെന്നും പറഞ്ഞു. ഇത് സഭയിൽ ചിരി പടർത്തി.
ഇതോടെ പി.കെ ബഷീർ പ്രകോപിതനായി എഴുന്നേറ്റു. ‘പി.കെ. ബഷീര്‍ വായിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ചോദിക്കാന്‍ ഇവനേതാ ഈ ...’ എന്നായിരുന്നു പ്രതികരണം. അധിക്ഷേപം തുടർന്നപ്പോൾ മൈക്ക് ഓഫ് ചെയ്തു. വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കാൻ സ്പീക്കർ ജലീലിനോട് ആവശ്യപ്പെട്ടതോടെ ബഷീറിൽനിന്ന് എനിക്ക് പ്രൊട്ടക്ഷൻ വേണമെന്ന് ജലീൽ തിരിച്ചും ആവശ്യപ്പെട്ടു.
തുടർന്ന് ഇടപെട്ട പാര്‍ലമെന്ററികാര്യ മന്ത്രി എം.ബി. രാജേഷ് പി.കെ ബഷീര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അങ്ങേയറ്റത്തെ വ്യക്തിപരമായ അധിക്ഷേപമാണെന്നും ഞെട്ടിപ്പിക്കുന്നതാണെന്നും പരിശോധിക്കണമെന്നും സ്പീക്കറോട് ആവശ്യപ്പെട്ടു. വ്യക്തിപരമായ പരാമർശങ്ങൾ സഭാ രേഖകളിൽ ഉണ്ടാകില്ലെന്ന് സ്പീക്കർ അറിയിച്ചു.
കെ.ടി. ജലീലിന്റെ പ്രസംഗത്തെ തുടക്കം മുതല്‍ പ്രതിപക്ഷ അംഗങ്ങള്‍ തടസ്സപ്പെടുത്തിയിരുന്നു. മലപ്പുറം ജില്ല രൂപവത്കരണത്തിന്റെ ഘട്ടത്തില്‍ ജനസംഘത്തോടൊപ്പം ചേര്‍ന്ന് കുട്ടിപ്പാകിസ്താന്‍ രൂപവത്കരിക്കുകയാണോയെന്ന് കോണ്‍ഗ്രസ് ചോദിച്ചിരുന്നുവെന്ന് കെ.ടി. ജലീല്‍ പ്രസംഗിച്ചപ്പോള്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തന്നെ അതിനെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നു.
ജലീലിന്റേത് ഗാന്ധി നിന്ദയാണെന്നും നെഹ്‌റു നിന്ദയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, കെ.ടി. ജലീല്‍ വീണ്ടും ഈ പരാമര്‍ശം ആവര്‍ത്തിച്ചു. പ്രതിപക്ഷ നേതാവ് വീണ്ടും ഇതിനെതിരെ രംഗത്തെത്തിയപ്പോള്‍ കെ.ടി. ജലീലിന്റെ പരാമര്‍ശങ്ങള്‍ പരിശോധിക്കാമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.