മലപ്പുറം: മലപ്പുറം ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായി മുൻമന്ത്രിയും പ്രതിപക്ഷ ഉപനേതാവും ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി മൽസരിക്കും. ബുധനാഴ്ച മലപ്പുറത്ത് ചേർന്ന പ്രവർത്തക സമിതിക്കുശേഷം പാണക്കാട്ട് നടന്ന പാർലമെൻററി ബോർഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്. സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങളാണ് പ്രഖ്യാപനം നടത്തിയത്.
ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, കെ.പി.എ. മജീദ്, സാദിഖലി ശിഹാബ് തങ്ങൾ എന്നീ ഉന്നതാധികാര സമിതി അംഗങ്ങളും അബ്ദുസ്സമദ് സമദാനി, കുട്ടി അഹമ്മദ്കുട്ടി, കെ.എൻ.എ. ഖാദർ തുടങ്ങിയവരും സന്നിഹിതരായിരുന്നു. കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടാൽ വേങ്ങര നിയമസഭ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പുണ്ടാകും.
ദേശീയതലത്തിൽ പ്രവർത്തിക്കുേമ്പാൾതന്നെ കേരളത്തിൽ യു.ഡി.എഫ് നേതൃസ്ഥാനത്തും കുഞ്ഞാലിക്കുട്ടി ഉണ്ടാകുെമന്ന് ഹൈദരലി തങ്ങൾ പറഞ്ഞു. എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷമാണ് സ്ഥാനാർഥിയെ നിശ്ചയിച്ചത്. മാർച്ച് 20ന് കുഞ്ഞാലിക്കുട്ടി നാമനിർദേശ പത്രിക സമർപ്പിക്കും. അന്ന് വൈകുന്നേരം മൂന്നിന് യു.ഡി.എഫ് പാർലമെൻറ് മണ്ഡലം കൺവെൻഷൻ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻഗാമികളുടെ മാർഗത്തിലൂടെ മുന്നോട്ടുപോകുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവ് ആരാകുമെന്ന കാര്യം ഹൈദരലി തങ്ങൾ തീരുമാനിക്കും. ദേശീയതലത്തിൽ മതേതര കൂട്ടായ്മക്കായി പ്രയത്നിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എം.എസ്.എഫിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ കുഞ്ഞാലിക്കുട്ടി മലപ്പുറം ഉൗരകത്ത് പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടെയും കെ.പി. ഫാത്തിമകുട്ടിയുടെയും മകനാണ്. ഇ. അഹമ്മദിെൻറ നിര്യാണത്തെ തുടർന്ന് പാർട്ടിയുടെ ദേശീയ ജന. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ബികോമും ബിസിനസ് മാനേജ്മെൻറിൽ പി.ജി ഡിപ്ലോമയും എടുത്ത കുഞ്ഞാലിക്കുട്ടി 1980ൽ മലപ്പുറം മുനിസിപ്പൽ ചെയർമാനായി. അഞ്ച് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
’82ൽ മലപ്പുറം, 91, 96, 2001 വർഷങ്ങളിൽ കുറ്റിപ്പുറം, 2011, 2016 വർഷങ്ങളിൽ വേങ്ങര എന്നിവിടങ്ങളിൽ നിന്നാണ് നിയമസഭയിൽ എത്തിയത്. 91, 2001, 2011 വർഷങ്ങളിലെ യു.ഡി.എഫ് മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായി. 2006ൽ കുറ്റിപ്പുറത്ത് കെ.ടി. ജലീലിനോട് പരാജയപ്പെട്ടതൊഴിച്ചാൽ മത്സരത്തിൽ വീഴ്ച ഉണ്ടായിട്ടില്ല. കെ.എം. കുല്‍സുവാണ് ഭാര്യ. മക്കൾ: ആഷിഖ്, ലസിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.