മെസേജ്, വ്യാജ വിഡിയോ കാൾ, ജോലി വാഗ്ദാനം, കെ.വൈ.സി അപ്ഡേഷൻ, വിവിധതരം വായ്പകൾ എന്നിവയിലൂടെയാണ് തട്ടിപ്പ് അരങ്ങേറുന്നത്
ആലപ്പുഴ: ജില്ലയിൽ ഒരുവർഷത്തിനിടെ വിവിധ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ 35.12 കോടി നഷ്ടമായി. 40 പേർ അറസ്റ്റിൽ. രജിസ്റ്റർ ചെയ്ത 244 കേസുകളിലായി 35,12,72,986 കോടിയുടെ തട്ടിപ്പാണ് നടത്തത്. ഇതിൽ 3,42,06,837 കോടി വിവിധ ബാങ്ക് അക്കൗണ്ടുകളിലായി തടഞ്ഞുവെച്ചിട്ടുണ്ട്.
18,20,573 ലക്ഷം രൂപ പരാതിക്കാരുടെ അക്കൗണ്ടിൽ തിരിച്ചെത്തിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവിധ ബാങ്കുകളിലെ 63 അക്കൗണ്ടുകളിലെ 2,48,15,718 രൂപ പരാതിക്കാരുടെ അക്കൗണ്ടിൽ തിരിച്ചെത്തിക്കാനുള്ള സ്പെഷൽ ഡ്രൈവ് നടത്തുന്നുണ്ട്.
മെസേജ്, വ്യാജ വിഡിയോ കാൾ, ജോലി വാഗ്ദാനം, കെ.വൈ.സി അപ്ഡേഷൻ, വിവിധതരം വായ്പകൾ എന്നിവയിലൂടെയായിരുന്നു തട്ടിപ്പ്. ഓൺലൈൻ വ്യാപാരത്തിലൂടെ ചേർത്തല സ്വദേശിയുടെ 7.65 കോടിയും വിദേശ മലയാളിയായ മാന്നാർ സ്വദേശിയുടെ 2.67 കോടിയും തട്ടിയതാണ് ജില്ലയിൽ കൂടുതൽ പണം നഷ്ടമായ സംഭവങ്ങൾ. അന്തർ സംസ്ഥാന ബന്ധമുള്ളവരാണ് പിടിക്കപ്പെടുന്നവരിൽ കൂടുതലും.
ഓൺലൈൻ സമ്പത്തിക തട്ടിപ്പിൽനിന്ന് രക്ഷനേടാനും വ്യാജനെ തിരിച്ചറിയാനും സംവിധാനം. ഓഹരിവിപണിയിൽ പണം നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട സ്ഥാപനം സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
സെബിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത കമ്പനികളിലൂടെ മാത്രം നിക്ഷേപം നടത്തുക. ഇത്തരം വിവരം പൊലീസ് സൈബർ വിഭാഗത്തെ അറിയിക്കണം. സൈബർ ഹെൽപ് ഡെസ്ക് നമ്പർ: 1930. സൈബർ പൊലീസ് ആലപ്പുഴ: 04772230804. 9497976000, 9497981288. cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും പരാതി നൽകാം. തട്ടിപ്പ് നടന്ന ഉടൻ പരാതി നൽകിയാൽ നഷ്ടമായ തുക തിരികെ ലഭിക്കാനുള്ള സാധ്യത ഏറെയാണ്.
വിഡിയോകോൾ വഴി ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് വ്യാപകമായതിനാൽ ജനങ്ങൾ ജാഗ്രതപാലിക്കണം. ഇത്തരത്തിൽ എത്തുന്ന ഫോൺ കോളുകൾ, വാട്സ് ആപ്പ്, ടെലിഗ്രാം മെസേജുകൾ കണ്ട് ഭയപ്പെടാതെ വിവരം ആലപ്പുഴ ജില്ല സൈബർ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.
തട്ടിപ്പുകാർ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളും ഫോൺനമ്പരുകളും ഉപയോഗിച്ചാണ് പണമിടപാട് നടത്തുന്നത്. ഇതിനായി ബാങ്ക് അക്കൗണ്ടുകൾ വിൽക്കാനും വാടകക്കും വേണമെന്ന് കാണിച്ച് സോഷ്യൽ മീഡിയയിലൂടെ പരസ്യവും ചെയ്യാറുണ്ട്. ഇങ്ങനെ കിട്ടുന്ന അക്കൗണ്ടുകൾക്ക് ചെറിയ തുക പ്രതിഫലമായി നൽകും. പിന്നീട് ഈ അക്കൗണ്ടുകൾ വഴിയാണ് കോടികളുടെ അനധികൃത ഇടപാടുകൾ. ഫോൺ നമ്പറുകളും ഇതുപോലെയാണ് ശേഖരിക്കുന്നത്.
സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പോലും ഇത്തരക്കാർ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താറില്ല. മറ്റുള്ളവരുടെ യൂസർ ഐ.ഡിയും പാസ്വേർഡും ഉപയോഗിച്ചാണ് തട്ടിപ്പ്.
സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സുരക്ഷിതമാക്കുക. പരിചയമില്ലാത്ത വ്യക്തികളെ സുഹൃത്തുക്കളായി ചേർക്കാതിരിക്കുക. സോഷ്യൽമീഡിയയിലൂടെ എളുപ്പത്തിൽ ധനം ആർജിക്കാവുന്ന മാർഗങ്ങൾ ഉപേക്ഷിക്കുക, ആരും നിങ്ങൾക്ക് ഒരുകാര്യവുമില്ലാതെ പണമൊന്നും തരില്ലെന്ന് സ്വയം ഒരു ബോധ്യമുണ്ടായിരിക്കുക.
ബാങ്കുമായി ബന്ധപ്പെട്ട ഒ.ടി.പി, യൂസർ ഐ.ഡി, പാസ്വേർഡ് എന്നിവ പങ്കുവെക്കാതിരിക്കുക. പരിചയമില്ലാത്തവർ നൽകുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാതിരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.