എന്നെയൊന്ന് പറ്റിക്കൂ...പ്ലീസ്!
text_fieldsമെസേജ്, വ്യാജ വിഡിയോ കാൾ, ജോലി വാഗ്ദാനം, കെ.വൈ.സി അപ്ഡേഷൻ, വിവിധതരം വായ്പകൾ എന്നിവയിലൂടെയാണ് തട്ടിപ്പ് അരങ്ങേറുന്നത്
ആലപ്പുഴ: ജില്ലയിൽ ഒരുവർഷത്തിനിടെ വിവിധ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ 35.12 കോടി നഷ്ടമായി. 40 പേർ അറസ്റ്റിൽ. രജിസ്റ്റർ ചെയ്ത 244 കേസുകളിലായി 35,12,72,986 കോടിയുടെ തട്ടിപ്പാണ് നടത്തത്. ഇതിൽ 3,42,06,837 കോടി വിവിധ ബാങ്ക് അക്കൗണ്ടുകളിലായി തടഞ്ഞുവെച്ചിട്ടുണ്ട്.
18,20,573 ലക്ഷം രൂപ പരാതിക്കാരുടെ അക്കൗണ്ടിൽ തിരിച്ചെത്തിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവിധ ബാങ്കുകളിലെ 63 അക്കൗണ്ടുകളിലെ 2,48,15,718 രൂപ പരാതിക്കാരുടെ അക്കൗണ്ടിൽ തിരിച്ചെത്തിക്കാനുള്ള സ്പെഷൽ ഡ്രൈവ് നടത്തുന്നുണ്ട്.
മെസേജ്, വ്യാജ വിഡിയോ കാൾ, ജോലി വാഗ്ദാനം, കെ.വൈ.സി അപ്ഡേഷൻ, വിവിധതരം വായ്പകൾ എന്നിവയിലൂടെയായിരുന്നു തട്ടിപ്പ്. ഓൺലൈൻ വ്യാപാരത്തിലൂടെ ചേർത്തല സ്വദേശിയുടെ 7.65 കോടിയും വിദേശ മലയാളിയായ മാന്നാർ സ്വദേശിയുടെ 2.67 കോടിയും തട്ടിയതാണ് ജില്ലയിൽ കൂടുതൽ പണം നഷ്ടമായ സംഭവങ്ങൾ. അന്തർ സംസ്ഥാന ബന്ധമുള്ളവരാണ് പിടിക്കപ്പെടുന്നവരിൽ കൂടുതലും.
വ്യാജനെ തിരിച്ചറിയാം
ഓൺലൈൻ സമ്പത്തിക തട്ടിപ്പിൽനിന്ന് രക്ഷനേടാനും വ്യാജനെ തിരിച്ചറിയാനും സംവിധാനം. ഓഹരിവിപണിയിൽ പണം നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട സ്ഥാപനം സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
സെബിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത കമ്പനികളിലൂടെ മാത്രം നിക്ഷേപം നടത്തുക. ഇത്തരം വിവരം പൊലീസ് സൈബർ വിഭാഗത്തെ അറിയിക്കണം. സൈബർ ഹെൽപ് ഡെസ്ക് നമ്പർ: 1930. സൈബർ പൊലീസ് ആലപ്പുഴ: 04772230804. 9497976000, 9497981288. cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും പരാതി നൽകാം. തട്ടിപ്പ് നടന്ന ഉടൻ പരാതി നൽകിയാൽ നഷ്ടമായ തുക തിരികെ ലഭിക്കാനുള്ള സാധ്യത ഏറെയാണ്.
കരുതലും ജാഗ്രതയും വേണം
വിഡിയോകോൾ വഴി ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് വ്യാപകമായതിനാൽ ജനങ്ങൾ ജാഗ്രതപാലിക്കണം. ഇത്തരത്തിൽ എത്തുന്ന ഫോൺ കോളുകൾ, വാട്സ് ആപ്പ്, ടെലിഗ്രാം മെസേജുകൾ കണ്ട് ഭയപ്പെടാതെ വിവരം ആലപ്പുഴ ജില്ല സൈബർ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.
അക്കൗണ്ട് കൈക്കലാക്കി തട്ടിപ്പ്
തട്ടിപ്പുകാർ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളും ഫോൺനമ്പരുകളും ഉപയോഗിച്ചാണ് പണമിടപാട് നടത്തുന്നത്. ഇതിനായി ബാങ്ക് അക്കൗണ്ടുകൾ വിൽക്കാനും വാടകക്കും വേണമെന്ന് കാണിച്ച് സോഷ്യൽ മീഡിയയിലൂടെ പരസ്യവും ചെയ്യാറുണ്ട്. ഇങ്ങനെ കിട്ടുന്ന അക്കൗണ്ടുകൾക്ക് ചെറിയ തുക പ്രതിഫലമായി നൽകും. പിന്നീട് ഈ അക്കൗണ്ടുകൾ വഴിയാണ് കോടികളുടെ അനധികൃത ഇടപാടുകൾ. ഫോൺ നമ്പറുകളും ഇതുപോലെയാണ് ശേഖരിക്കുന്നത്.
സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പോലും ഇത്തരക്കാർ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താറില്ല. മറ്റുള്ളവരുടെ യൂസർ ഐ.ഡിയും പാസ്വേർഡും ഉപയോഗിച്ചാണ് തട്ടിപ്പ്.
ചതിയിൽപെടാതെ സൂക്ഷിക്കാം
സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സുരക്ഷിതമാക്കുക. പരിചയമില്ലാത്ത വ്യക്തികളെ സുഹൃത്തുക്കളായി ചേർക്കാതിരിക്കുക. സോഷ്യൽമീഡിയയിലൂടെ എളുപ്പത്തിൽ ധനം ആർജിക്കാവുന്ന മാർഗങ്ങൾ ഉപേക്ഷിക്കുക, ആരും നിങ്ങൾക്ക് ഒരുകാര്യവുമില്ലാതെ പണമൊന്നും തരില്ലെന്ന് സ്വയം ഒരു ബോധ്യമുണ്ടായിരിക്കുക.
ബാങ്കുമായി ബന്ധപ്പെട്ട ഒ.ടി.പി, യൂസർ ഐ.ഡി, പാസ്വേർഡ് എന്നിവ പങ്കുവെക്കാതിരിക്കുക. പരിചയമില്ലാത്തവർ നൽകുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാതിരിക്കുക.
തട്ടിപ്പിന്റെ രീതി
- വ്യാജ വിഡിയോകോളിലൂടെ യൂനിഫോമിലെത്തുന്ന പൊലീസ്, എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനാണെന്ന വ്യാജേനയാണ് ഭീഷണി. വെർച്വൽ അറസ്റ്റ് ചെയ്തുവെന്ന് തെറ്റിദ്ധരിപ്പിച്ച് കേസിൽനിന്ന് ഒഴിവാക്കാൻ പണം ആവശ്യപ്പെടും.
- ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയിൽനിന്നാണെന്ന വ്യാജേനയും വിളിയെത്തും. നിങ്ങളുടെ മൊബൈൽ നമ്പർ രാജ്യദ്രോഹ/തീവ്രവാദ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അതിൽനിന്ന് ഒഴിവാക്കുന്നതിന് ഓൺലൈനിലുടെ പണം കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ഈ കോളുകൾ എത്തുക.
- നിങ്ങൾ വിദേശത്തേക്ക് അയച്ചതും വന്നതുമായ പാഴ്സലിൽ മയക്കുമരുന്ന് കണ്ടെത്തിയെന്ന് പറഞ്ഞും വിളിയെത്തും. കേസിൽനിന്ന് ഒഴിവാക്കാൻ പണം ആവശ്യപ്പെടുന്നതാണ് രീതി. ഇതിനൊപ്പം മെസേജുകളും അയക്കും.
- ഓൺലൈൻ ഷെയർ ടേഡ്രിങ്, ബിറ്റ്കോ നിക്ഷേപം, ക്രിപ്റ്റോ കറൻസി തുടങ്ങിയ മേഖലയിൽ നിങ്ങൾക്കുവേണ്ടി നിക്ഷേപം നടത്തി വൻസാമ്പത്തിക ലാഭം നേടിത്തരാമെന്ന വലിയ വാഗ്ദാനം നൽകിയാണ് പണംതട്ടുന്നത്. ഇതിനായി തട്ടിപ്പുകാർ കോളുകളും മെസേജുകളും അയക്കും.
- കുറഞ്ഞ മണിക്കൂറുകൾ നിങ്ങളുടെ വീട്ടിലിരുന്ന് ജോലി ചെയ്ത് പതിനായിരങ്ങൾ സമ്പാദിക്കാമെന്നുള്ള വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട ഫോൺ കോളുകളും മെസേജുകളും വഴിയും സാമ്പത്തിക തട്ടിപ്പുണ്ട്.
- മാട്രിമോണിയൽ വെബ്സൈറ്റ് /ആപ്ലിക്കേഷനിലൂടെ, വ്യാജ പ്രൊഫൈലിലൂടെ പരിചയപ്പെട്ട ശേഷം ഇരയുടെ താൽപര്യങ്ങളും പ്രവർത്തനമേഖലയും തിരിച്ചറിഞ്ഞ് ഓഹരിനിക്ഷേപം, ജോലി എന്നിവ വാഗ്ദാനം നൽകി പണം തട്ടിയെടുക്കൽ. വിലകൂടിയ സമ്മാനങ്ങൾ കൊറിയർ വഴി അയച്ചതിന്റെ പേരിൽ നികുതിയെന്ന പേരിൽ പണം ഓൺലൈൻ വഴി ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടും.
- ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ കെ.വൈ.സി അപ്ഡേഷന്റെ പേരിൽ എസ്.എം.എസ് അയച്ചാണ് തട്ടിപ്പ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മനസ്സിലാക്കി ഒ.ടി.പി അയച്ചശേഷം പണം കൈക്കലാക്കുന്നു. ഈ കേസുകളിൽ ഒ.ടി.പി ചോർത്തുന്നത് സ്ക്രീൻ ഷെയറിങ് ആപ്പുകൾ ഉപയോഗിച്ചാണ്.
- വായ്പകൾ വാഗ്ദാനം നൽകി അവയുടെ ഫീസിനത്തിൽ പണം വാങ്ങുന്ന രീതിയുമുണ്ട്. ഓൺലൈൻ വായ്പ നൽകിയശേഷം തിരിച്ചടവിനായി ഇരയെ ഭീഷണിപ്പെടുത്തും. മുഴുവൻ തുകയും അടച്ചാലും തീർന്നിട്ടില്ലെന്ന് പറഞ്ഞ് വീണ്ടും അടപ്പിക്കും. ഇതിന് തയാറാകാത്തവരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയക്കുമെന്ന ഭീഷണിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.