മലപ്പുറം: പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടിക വന്നിട്ടും ജില്ലയിൽ സീറ്റ് കിട്ടാതെ 13,705 പേർ പുറത്ത്. സപ്ലിമെന്ററി ഘട്ടത്തിലെങ്കിലും സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നവരാണ് പട്ടിക വന്നപ്പോൾ പുറത്ത് പോയത്. ഇവർ ഇനിയും സീറ്റിനായി കാത്തിരിക്കേണ്ടി വരും. സപ്ലിമെന്ററിക്ക് 19,710 അപേക്ഷകരാണ് ആകെയുണ്ടായിരുന്നത്. ഇതിൽ 19,659 പേരെയാണ് അലോട്ട്മെന്റിന് പരിഗണിച്ചത്. ഇതിൽ 1,883 പേർ മറ്റ് ജില്ലകളിലെ അപേക്ഷകരാണ്. 6,005 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. ഇനി നാല് സീറ്റ് മാത്രമാണ് ഒഴിവുള്ളത്.
സംസ്ഥാനത്ത് തന്നെ സപ്ലിമെന്ററിയുടെ ആദ്യഘട്ടത്തിൽ തന്നെ ഇത്രയും കുറഞ്ഞ സീറ്റുകൾ ഒഴിവ് വന്നത് മലപ്പുറത്ത് മാത്രമാണ്. ജില്ലയിൽ ഇനി മാനേജ്മെന്റ്, അൺ എയ്ഡഡ് മേഖലകളിൽ മാത്രമാണ് സീറ്റ് ഒഴിവുള്ളത്. ഈ സീറ്റുകളിൽ വൻ തുക മുടക്കി പഠിക്കണം. ഇത് പാവപ്പെട്ട വിദ്യാർഥികൾക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ്. മാനേജ്മെന്റ്-അൺ എയ്ഡഡ് മേഖലകളിലായി 13,056 സീറ്റുകൾ ഒഴിവുണ്ട്. മാനേജ്മെന്റിൽ 3184, അൺ എയ്ഡഡിൽ 9872 സീറ്റുകളുമാണ് ഒഴിവ് വന്നത്.
ജില്ലയിൽ മുഖ്യഘട്ട അലോട്ട്മെന്റിൽ ആകെ 49,107 കുട്ടികളാണ് പ്രവേശനം നേടിയത്. സർക്കാർ-എയ്ഡഡ് മേഖലയിൽ 47,651 പേരും അൺ എയ്ഡഡ് മേഖലയിൽ 1456 പേരുമാണ് പ്രവേശനം നേടിയത്. മെറിറ്റ് ക്വോട്ടയിൽ 42,006, സ്പോർട്സിൽ 840, മാനേജ്മെന്റിൽ 1750, കമ്യൂണിറ്റിയിൽ 3055 എന്നിങ്ങനെയായിരുന്നു പ്രവേശനം. ജില്ലയിൽ ആകെ 81,022 അപേക്ഷകരാണുണ്ടായിരുന്നത്. സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടികയിൽ ഇടം പിടിച്ചവർ വെള്ളിയാഴ്ച വൈകീട്ട് നാലിന് മുമ്പായി പ്രവേശനം നേടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.