ഇത് സാധാരണ ദുരന്തമല്ല, കേന്ദ്രത്തിന് കഴിയുന്ന എല്ലാ സഹായവും ചെയ്യും -പ്രധാനമന്ത്രി

കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത മേഖലകൾ സന്ദർശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്ക് മടങ്ങി. ഹെലികോപ്റ്ററിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ശേഷം പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് തിരിക്കും. ദുരന്തത്തിൽ കേന്ദ്രത്തിന് ചെയ്യാൻ കഴിയുന്ന എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി അവലോകന യോഗത്തിൽ പറഞ്ഞു. ദുരന്തബാധിതർക്ക് ഒപ്പം നിൽക്കുകയാണ് ഇപ്പോൾ ഏറ്റവും പ്രധാനമെന്നും കലക്ടറേറ്റിൽ നടന്ന യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ വയനാടിനായി പ്രത്യേക പാക്കേജുകളൊന്നും പ്രഖ്യാപിക്കാതെയാണ് മോദി മടങ്ങിയത്.

സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ വിവരങ്ങള്‍ തേടുന്നുണ്ടായിരുന്നു. സഹായിക്കാന്‍ കഴിയുമായിരുന്ന എല്ലാ കേന്ദ്ര ഏജന്‍സികളേയും സംഭവസ്ഥലത്തേക്ക് അയച്ചു. ഇത് സാധാരണ ദുരന്തമല്ല. സ്ഥലത്തെ അവസ്ഥ നേരില്‍ കണ്ടു. ദുരന്തം നേരിട്ടവരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കണ്ടു. പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ദുരന്തമുണ്ടായ ദിവസം രാവിലെ തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും സഹായം നല്‍കുമെന്നും ഉറപ്പ് നല്‍കിയതായും മോദി പറഞ്ഞു.

എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, സൈന്യം, പൊലീസ്, ഡോക്ടര്‍മാര്‍ എല്ലാവരും ദുരന്തബാധിതരെ സഹായിക്കാന്‍ ശ്രമിച്ചു. നിങ്ങള്‍ ഒറ്റക്കല്ല എന്ന ഉറപ്പാണ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനുള്ളത്. നമ്മളെല്ലാവരും അവര്‍ക്കൊപ്പമുണ്ട്. കേന്ദ്രം കേരള സര്‍ക്കാരിനൊപ്പമുണ്ടെന്നും പണത്തിന്റെ അഭാവത്തിന്റെ മൂലം പുനരധിവാസ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കുമെന്നും മോദി പറഞ്ഞു.

ദുരന്തത്തിൽ നൂറുകണക്കിനാളുകളുടെ സ്വപ്നങ്ങളാണ് തകർന്നത്. ദുരന്തത്തിൽ പെട്ടവരുടെ ഭാവി സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തത്തമാണ്. പല ദുരന്തങ്ങളും നേരിട്ട് കണ്ടിട്ടുള്ളതിനാൽ വിഷമം മനസ്സിലാകുമെന്നും മോദി പറഞ്ഞു. നാശനഷ്ടങ്ങൾ വിശദമായ മെമ്മോറാണ്ടമായി കേരളം നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകൾ തകർന്നതിന്‍റെ കണക്കുകൾ ഇതിൽ ഉൾപ്പെടുത്തണം. പുനരധിവാസത്തിൽ കേരളം എന്താണ് ചെയ്യാൻ പോകുന്നതെന്നും മെമ്മോറാണ്ടത്തിൽ വിശദമാക്കണം.

Tags:    
News Summary - PM Modi says centre will extend any help to Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.