കണ്ണൂർ: സൗദി വനിതക്കെതിരായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം നേരിടുന്ന വ്ലോഗർ മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാനെതിരെ പോക്സോ കേസും. ആദ്യ ഭാര്യയുടെ പരാതിയിൽ കേസെടുത്തതായും അന്വേഷണത്തിന്റെ ഭാഗമായി കേസ് ഇരിട്ടി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായും ധർമടം പൊലീസ് അറിയിച്ചു. ശൈശവ വിവാഹം, ഗാർഹിക പീഡനം തുടങ്ങിയ പരാതികളുമായാണ് ആദ്യ ഭാര്യ രംഗത്തെത്തിയത്. പ്രായപൂർത്തിയാകും മുമ്പ് വിവാഹം കഴിച്ചു, 15ാം വയസ്സിൽ ഗർഭിണി ആയിരിക്കുമ്പോൾ പോലും അതിക്രൂരമായി പീഡിപ്പിച്ചു, ഗർഭഛിദ്രം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് ആദ്യഭാര്യ ഷാക്കിറിനെതിരെ ഉന്നയിച്ചത്.
അതേസമയം, തനിക്കെതിരെ ആദ്യ ഭാര്യ പരാതി കൊടുത്തത് ശ്രദ്ധയിൽ പെട്ടെന്നും നിയമപരമായി നേരിടുമെന്നും ഷാക്കിർ സുബ്ഹാൻ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചു.
ദിവസങ്ങൾക്ക് മുമ്പ് സൗദി വനിത നൽകിയ ലൈംഗികാതിക്രമ പരാതിയിൽ ഷാക്കിറിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. ഈ സമയത്ത് വിദേശത്തായിരുന്ന ഷാക്കിർ, ഹൈകോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതോടെ നാട്ടിൽ തിരിച്ചെത്തിയിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയും ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 13ന് അഭിമുഖത്തിനെന്ന പേരിൽ എറണാകുളത്തെ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു 29കാരിയായ സൗദി വനിതയുടെ പരാതി. കൂടെയുണ്ടായിരുന്ന പ്രതിശ്രുത വരൻ പുറത്തേക്ക് പോയപ്പോഴായിരുന്നു പീഡന ശ്രമമെന്നും യുവതി പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.