പോക്സോ കേസ്: ജോർജ് എം. തോമസിനെതിരായ ആരോപണങ്ങൾ നിയമസഭയിൽ ചർച്ചയാക്കുമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: സി.പി.എം നേതാവും തിരുവമ്പാടി മുൻ എം.എൽ.എയുമായ ജോർജ് എം. തോമസിനെതിരായ ആരോപണങ്ങൾ നിയമസഭയിൽ ചർച്ചയാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പീഡനക്കേസ് പ്രതിയെ രക്ഷിച്ചെന്ന ആരോപണം ഗുരുതരമാണ്. നീതിന്യായവ്യവസ്ഥയെ അട്ടിമറിക്കുകയാണ് ചെയ്തതെന്നും സതീശൻ പറഞ്ഞു.

എം.എൽ.എ പദവിയിൽ ഇരുന്നാണ് പോക്സോ കേസ് അട്ടിമറിച്ചത്. ധനികനായ പ്രതിയെ രക്ഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിച്ച് മറ്റൊരാളെ പ്രതിസ്ഥാനത്ത് നൽകിയ സംഭവം പൊലീസ് തന്നെ അന്വേഷിക്കണം. ഇത് പാർട്ടി പൊലീസും പാർട്ടി കോടതിയും അന്വേഷിച്ചാൽ പോരെന്നും സതീശൻ ചൂണ്ടിക്കാട്ടി.  

പ്രവാസി കോണ്‍‍ഗ്രസ് നേതാവിനെതിരായ പോക്സോ കേസ് ഒതുക്കിയെന്നതാണ് ജോര്‍ജ് എം. തോമസിനെതിരായ ഗുരുതര ആരോപണം. സി.പി.എം അനുഭാവി കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നു പരാതിക്കാരി. കോണ്‍ഗ്രസ് പ്രവാസി സംഘടന നേതാവായ വ്യവസായിയെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു എം.എൽ.എയായിരിക്കെ ജോര്‍ജ് എം. തോമസിന്റെ ഇടപെടലെന്നാണ് പാർട്ടി അന്വേഷണ കമീഷന്‍റെ കണ്ടെത്തെൽ.

പൊലീസിനെ സ്വാധീനിച്ച് കേസില്‍ നിന്ന് ഒഴിവാക്കിയെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. കർഷക സംഘം അടക്കമുള്ള സംഘടനകളുടെ പദവികളിൽ നിന്ന് ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

2009ലാണ് പോക്സോ കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് വിവരം. തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗങ്ങൾ വിഷയം സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് മുൻപിലെത്തിച്ചത്. തുടർന്നാണ് കോഴിക്കോട് ജില്ല കമ്മിറ്റി അന്വേഷണ കമീഷനെ ​വെച്ചത്.

ക്വാറി ഉടമകളുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നാണ് മറ്റൊരാക്ഷേപം. കോടഞ്ചേരിയിൽ നടന്ന പ്രണയ വിവാഹത്തെ ലൗ ജിഹാദായി ചിത്രീകരിച്ച് വെട്ടിലായ നേതാവ് കൂടിയാണ് ജോർജ് എം. തോമസ്. 

Tags:    
News Summary - POCSO Case: George M. VD Satheesan said that the allegations against Thomas will be discussed in the assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.