കൊച്ചി: പോക്സോ കേസ് പ്രതി ഫോർട്ട്കൊച്ചിയിലെ 'നമ്പർ 18' ഹോട്ടൽ ഉടമ റോയ് ജെ. വയലാറ്റിനെ ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യുന്നതിന് ഹൈകോടതിയുടെ വാക്കാൽ വിലക്ക്. മുൻ മിസ് കേരളയടക്കം രണ്ട് മോഡലുകളും സുഹൃത്തും മരിക്കാനിടയായ സംഭവത്തിൽ അനാവശ്യമായാണ് പോക്സോ കേസ് ചുമത്തിയിരിക്കുന്നതെന്ന് ആരോപിച്ച് ഇയാൾ നൽകിയ മുൻകൂർ ജാമ്യഹരജിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് പരിഗണിച്ചത്. ഹരജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. മോഡലുകളും സുഹൃത്തുക്കളും ഹോട്ടലിൽനിന്ന് മടങ്ങും വഴിയാണ് അപകടത്തിൽ മരിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഈ ഹോട്ടലിൽ ലഹരി പാർട്ടികൾ നടക്കാറുണ്ടായിരുന്നെന്ന ആരോപണമുയർന്നിരുന്നു. റോയിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് ഹരജിക്കാരൻ. ഹോട്ടലിലെത്തിയ പരാതിക്കാരിയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡനത്തിനിരയാക്കിയെന്നാണ് പുതിയ കേസ്. എന്നാൽ, അപകടമരണം നടന്നശേഷം പൊലീസ് ഓഫിസറടക്കമുള്ളവർ ശത്രുതമനോഭാവത്തോടെയാണ് പെരുമാറുന്നതെന്ന് ഹരജിയിൽ പറയുന്നു. ഇതിന്റെ പേരിൽ ചില ആവശ്യങ്ങളുന്നയിച്ച് പരാതിക്കാരി നാളുകളായി ഭീഷണിപ്പെടുത്തുകയാണ്. ഇതിന് വഴങ്ങാത്തതിനെത്തുടർന്നാണ് വ്യാജപരാതി നൽകിയതെന്നാണ് ഹരജിയിലെ ആരോപണം.
കൊച്ചി: ഫോർട്ട്കൊച്ചി 'നമ്പർ 18' ഹോട്ടലുടമ റോയി വയലാറ്റിനെതിരെ കൂടുതൽ പോക്സോ പരാതികളെന്ന് വിവരം. റോയി, മോഡലുകൾ മരിച്ച കാറപകടക്കേസിലെ മറ്റ് പ്രതികളായ സൈജു എം. തങ്കച്ചൻ, സുഹൃത്ത് അഞ്ജലി എന്നിവർക്കെതിരെ കോഴിക്കോട് സ്വദേശിനിയുടെ പരാതിയിൽ ഫോർട്ട്കൊച്ചി പൊലീസ് കഴിഞ്ഞ ദിവസം പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. അഞ്ജലിയാണ് പെൺകുട്ടികളെ കൊച്ചിയിൽ എത്തിച്ചതെന്നാണ് പരാതി.
ആദ്യ പോക്സോ കേസിന് പിന്നാലെ ഇരകളായ ഒമ്പതുപേർ ഇതിനകം രഹസ്യമൊഴി നൽകിയതായാണ് വിവരം. ഹോട്ടലിൽവെച്ച് റോയിയിൽനിന്ന് ഉൾപ്പെടെ ദുരനുഭവം നേരിട്ട യുവതികളാണ് പരാതിയുമായി രംഗത്ത് എത്തിയിട്ടുള്ളത്. ഇവരിൽപെട്ട 16കാരിക്ക് പകരം മാതാവാണ് പൊലീസിന് മൊഴി നൽകിയത്. ദുരനുഭവത്തിന്റെ ഞെട്ടലിൽനിന്ന് പെൺകുട്ടി ഇതുവരെ മുക്തയായിട്ടില്ല. പെൺകുട്ടിയുടെ മാനസികനില സാധാരണ അവസ്ഥയിലെത്തിയ ശേഷമായിരിക്കും മൊഴി രേഖപ്പെടുത്തുക. ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.
കൂടുതൽപേരെ പ്രതികൾ ഇരകളാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്തിന്റെ പശ്ചാത്തലത്തിൽ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഡലുകളുടെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഈ കേസുകളും അന്വേഷിക്കുന്നത്. കോടതിയിൽ പ്രതികൾ നൽകിയ മുൻകൂർ ജാമ്യത്തെ ശക്തമായി എതിർക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.