യാത്രക്കാരനെ ട്രെയിനില്‍ നിലത്തിട്ട് ചവിട്ടിയ നടപടി ക്രൂരമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: മവേലി എക്‌സ്പ്രസ്സ് ട്രെയിനില്‍ യാത്രക്കാരനെ പൊലീസ് ചവിട്ടി താഴെയിട്ട നടപടി ക്രൂരമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എം.പി. ടിക്കറ്റില്ലെങ്കില്‍ നിയമപരമായ നടപടിയാണ് സ്വീകരിക്കേണ്ടത്. അല്ലാതെ തെരുവുഗുണ്ടകളുടെ പ്രവര്‍ത്തന ശൈലിയല്ല പൊലീസ് കാട്ടേണ്ടത്. പിണറായി വിജയന്‍റെ പൊലീസിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.

ജനങ്ങളെ ആക്രമിക്കാന്‍ പൊലീസിന് അധികാരമില്ല. ആരാണ് ഈ അധികാരം പൊലീസിന് നല്‍കിയത്. പ്രതികരിക്കേണ്ടിടത്ത് പൊലീസ് പ്രവര്‍ത്തിക്കുന്നില്ല. ഇന്‍റലിജന്‍സ് സംവിധാനത്തിന്‍റെ ഗുരുതര വീഴ്ചകളാണ് അക്രമപരമ്പകള്‍ക്ക് കാരണം. ഇന്‍റലിജന്‍സ് സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് നടന്ന അരുംകൊലകളും ഗുണ്ടകളുടെ അഴിഞ്ഞാട്ടവും ഒഴിവാക്കാന്‍ സാധിക്കുമായിരുന്നുവെന്നും കെ.സുധാകരൻ ചൂണ്ടിക്കാട്ടി.

കണ്‍മുമ്പിലൂടെ പോകുന്ന ഗുണ്ടകളെ തിരിച്ചറിയാനോ അവരുടെ അജണ്ടകള്‍ തിരിച്ചറിയാനോ സാധിക്കാത്ത ഇത്രയും നാണംക്കെട്ട ഇന്‍റലിജന്‍സ് സംവിധാനം കേരള പൊലീസിന്‍റെ ചരിത്രത്തിലാദ്യമാണ്. മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് ശ്രദ്ധിക്കാന്‍ സമയമില്ല. പൊലീസിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ഒരു പരിധിവരെ അക്രമസംഭവങ്ങള്‍ തടയാനും ആഭ്യന്തരവകുപ്പിന് മുഴുവന്‍ സമയ മന്ത്രിയെ നിയമിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

പൊലീസിനെ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും സി.പി.എമ്മിന്‍റെ സെല്ലുകളാണ്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി തുടരെ പരാജയപ്പെട്ടു. പൊലീസിന്‍റെ അഴിഞ്ഞാട്ടവും ജനങ്ങളുടെ മേലുള്ള കുതിരകയറ്റവും തുടര്‍ക്കഥയാകുന്നത് സര്‍ക്കാറിന്‍റെ കഴിവുകേട് കൊണ്ടാണ്. പൊലീസിന്‍റെ വീഴ്ചകള്‍ക്ക് സര്‍ക്കാര്‍ ഉത്തരം പറയണം. ഒരുകാലത്തും ഉണ്ടാകാത്ത വിധമുള്ള ക്രമസമാധാന പ്രശ്‌നങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് സംസ്ഥാനത്ത് ഇപ്പോള്‍ അരങ്ങേറുന്നതെന്നും കെ. സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - Police brutality to a passenger on the ground is cruel -K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.