തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്‍റെ സുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂമും പട്രോളിങ് സംവിധാനവും ആരംഭിച്ചു. ക്ലിഫ് ഹൗസ് വളപ്പിൽ യുവമോർച്ച പ്രവർത്തകർ കെ-റെയിൽ പ്രതിഷേധ സർവേകല്ല് സ്ഥാപിച്ച സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ച സംഭവിച്ചതിന് പിന്നാലെയാണ് നടപടി. പൊലീസ് സേനക്ക് നാണക്കേടുണ്ടാക്കിയതിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചിരുന്നു. സുരക്ഷക്ക് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (എസ്.ഐ.എസ്.എഫ്) കമാൻഡോ സംഘത്തെ നിയമിച്ചതിന് പുറമെയാണ് സി.സി ടി.വി കാമറ സംവിധാനം ഉൾപ്പെടെ കൺട്രോൾ റൂം നിരീക്ഷണവും ഏർപ്പെടുത്തിയത്.
ക്ലിഫ് ഹൗസിന്‍റെ പ്രധാന കവാടത്തിന് സമീപമുള്ള പഴയ ഗാർഡ് റൂമിലാണ് പുതിയ സംവിധാനം. പുതിയ കെട്ടിടം പൂർത്തിയായാലുടൻ അവിടേക്ക് മാറ്റും. കൺട്രോൾ റൂം അസി. കമീഷണർക്കാണ് മേൽനോട്ടം. 65 പൊലീസുകാരെ ഡ്യൂട്ടിക്കായി ഉപയോഗിക്കും. ക്ലിഫ് ഹൗസ് വളപ്പുൾപ്പെടെ പത്ത് കിലോമീറ്ററോളം കൺട്രോൾ റൂം പരിധിയിലാകും. ഈ ഭാഗത്തെ മന്ത്രി മന്ദിരങ്ങളുടെ വളപ്പുകളും കാമറ നിരീക്ഷണത്തിലാക്കി. 35 ഓളം കാമറകളാണ് ഉള്ളത്. ഇതിലെ ദൃശ്യങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കും. പുതിയ പിക്കറ്റ് പോസ്റ്റുകളും പട്രോളിങ് പോയന്‍റുകളും നേരത്തേതന്നെ ആരംഭിച്ചിരുന്നു. മന്ത്രി മന്ദിരങ്ങളുടെ പിൻവശത്തും പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു.
ക്ലിഫ് ഹൗസ് കൺട്രോൾ റൂമിലെ ജീപ്പിന് പുറമെ സിറ്റി കൺട്രോൾ റൂമിൽനിന്നുള്ള രണ്ട് ജീപ്പുകളും ഇവിടെ പട്രോളിങ് നടത്തും. മ്യൂസിയം സ്റ്റേഷനിലെ ഒരു ജീപ്പും പതിവ് പട്രോളിങ്ങിനെത്തും. രണ്ട് ബൈക്ക് പട്രോളിങ് സംഘവും രണ്ട് പൊലീസുകാർ വീതമുള്ള ബീറ്റ് പട്രോളിങ്ങുമുണ്ടാകും. ദേവസ്വം ബോർഡ് ജങ്ഷൻ, ബെയ്ൻസ് കോമ്പൗണ്ട്, വൈ.എം.ആർ ജങ്ഷൻ, മറ്റ് മന്ത്രി മന്ദിരങ്ങൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ ഒമ്പതോളം പിക്കറ്റുകളിൽ ബീറ്റ് ബുക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.