മുസ്ലിം ലീഗിലെ ഹരിതവിവാദത്തിൽ ഇടപെട്ട് പൊലീസ്. ഹരിത ഭാരവാഹികൾക്കെതിരെ മോശം പരാമർശങ്ങളുണ്ടായ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിന്‍റെ മിനിറ്റ്സ് ഹാജരാക്കണമെന്ന് പൊലീസ് നിർദേശം നൽകി. ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിനോടാണ് മിനിറ്റ്സ് ഹാജരാക്കാൻ ആവശ്യപ്പെട്ടത്.
ജൂൺ 22ന് ചേർന്ന എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിന്‍റെ മിനിറ്റ്സ് ഹാജരാക്കാനാണ് നിർദേശം. ഈ യോഗത്തിൽ ഹരിത ഭാരവാഹികൾക്കെതിരെ പ്രസിഡന്‍റ് പി.കെ നവാസ് ലൈംഗികച്ചുവയോടെ ആക്ഷേപിച്ചു എന്നാണ് പരാതി. ഇത് പരിശോധിക്കുന്നതിന്‍റെ ഭാഗമായാണ് പൊലീസ് നടപടി.
മലപ്പുറം ജില്ലാ ഭാരവാഹിക്കെതിരെയും ഹരിത ഭാരവാഹികൾ സമാനമായ പരാതി ഉന്നയിച്ചിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ എം.എസ്.എഫിന്‍റെ വനിതാ വിഭാഗമായ ഹരിതയുടെ ഭാരവാഹികൾ വനിതാ കമീഷന് പരാതി നൽകുകയും ചെയ്തു. ഇതേ തുടർന്ന് എം.എസ്.എഫിലും മുസ്ലിംലീഗിലും വലിയ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. മുസ്ലിംലീഗിന്റെ സംസ്ഥാന നേതൃത്വമടക്കം ഇടപെട്ടിട്ടും പ്രശ്നത്തിന് പരിഹാരമായിരുന്നില്ല. എം.എസ്.എഫ് ഭാരവാഹികൾക്കെതിരെ കടുത്ത നടപടി ഇല്ലാതെ പരാതി പിൻവലിക്കാൻ ഹരിത ഭാരവാഹികൾ തയാറായില്ല.
നേതൃത്വത്തിന്‍റെ സമ്മർദങ്ങൾക്ക് വഴങ്ങാതിരുന്ന ഹരിത കമ്മിറ്റിയെ ആദ്യഘട്ടത്തിൽ മുസ്ലിം ലീഗ് മരവിപ്പിക്കുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഹരിത വിവാദത്തിൽ പാർട്ടിക്ക് പിഴവുപറ്റിയിട്ടുണ്ടെന്ന് കാണിച്ച് എം.എസ്.എഫിലെ ഒരു വിഭാഗം ദേശീയ നേതൃത്വത്തിന് പരാതി നൽകി. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന് ഈ വിഷയം കൈകാര്യം ചെയ്തപ്പോൾ സംഭവിച്ച പിഴവുകളാണ് പ്രശ്നം വഷളാക്കിയതെന്നാണ് ദേശീയ നേതൃത്വത്തിന് നൽകിയ പരാതിയിലുള്ളത്. ഹരിതയെ പിന്തുണക്കുന്ന എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരടക്കമുള്ളവരാണ് പരാതി നൽകിയത്. ജനറൽ സെക്രട്ടറി എന്ന നിലയിൽ ലത്തീഫ് തുറയൂർ തന്നെയാണ് മിനിറ്റ്സ് പൊലീസിന് മുന്നിൽ ഹാജരാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.