ചെങ്ങന്നൂർ: മാന്നാറിൽനിന്ന് സായുധസംഘം വീടുവളഞ്ഞ് തട്ടിക്കൊണ്ടുപോയ യുവതിയെ പാലക്കാട് വടക്കഞ്ചേരിയിൽ ഉപേക്ഷിച്ചു. മാന്നാർ കുരട്ടിക്കാട് ഏഴാം വാർഡിൽ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം വിസ്മയ വിലാസത്തിൽ (കോട്ടുവിളയിൽ) ബിനോയിയുടെ ഭാര്യ ബിന്ദുവിനെയാണ് (39) വടക്കഞ്ചേരി മുടപ്പല്ലൂരിൽ ഞായറാഴ്ച രാത്രി 11.30ഓടെ വാഹനത്തിൽനിന്ന് ഇറക്കിവിട്ടത്. ഇവർ ഓട്ടോ വിളിച്ച് വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ചയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട്ടിലുണ്ടായിരുന്ന മാതാവിനെയും സഹോദരനെയും ബന്ദിയാക്കി യുവതിയെ തട്ടിക്കൊണ്ടുപോയത്. ദുബൈയിൽ സൂപ്പർമാർക്കറ്റിൽ കാഷ്യറായിരുന്ന ബിന്ദു ലോക്ഡൗണിനുമുമ്പ് നാട്ടിലെത്തിയതാണ്. തിരികെ പോകാൻ കഴിയാതിരുന്നതിനാൽ ജോലി നഷ്ടപ്പെട്ടു. പുതിയ ജോലി അന്വേഷിച്ച് സന്ദർശകവിസയിൽ പോയി 39ാം ദിവസമായ വെള്ളിയാഴ്ച തിരികെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി.
അന്ന് രാത്രി 9.30ന് വീട്ടിലെത്തിയ ഏഴംഗസംഘം കൈയിലുള്ള സാധനം തരാൻ ആവശ്യപ്പെട്ടു. ഒന്നും അറിയില്ലെന്ന് പറഞ്ഞപ്പോൾ ആളുമാറിപ്പോയതാണെന്നു പറഞ്ഞ് തിരികെപ്പോയി. തുടർന്ന് തിങ്കളാഴ്ച പുലർച്ച 1.30ഒാടെ 20 ഓളം പേരടങ്ങുന്ന സംഘം വീടുവളഞ്ഞ് ബിന്ദുവിനെ കടത്തിക്കൊണ്ടുപോവുകയായിരുന്നു. കണ്ണും വായും മൂടിക്കെട്ടി കൈകാലുകൾ ബന്ധിച്ചാണ് തട്ടിക്കൊണ്ടുപോയത്.
വടക്കഞ്ചേരി പൊലീസ് കൈമാറിയ ബിന്ദുവിൽനിന്ന് മാന്നാർ പൊലീസ് സ്റ്റേഷനിൽ തിങ്കളാഴ്ച രാത്രി ചെങ്ങന്നൂർ ഡിവൈ.എസ്.പി ആർ. ജോസിെൻറ നേതൃത്വത്തിൽ മൊഴിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.