കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടന്‍ ദിലീപിനെ ഗൂഢാലോചന നടത്തിയ രണ്ട് സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു. തൊടുപുഴ ശാന്തിഗിരി കോളജ്, കൊച്ചി അബാദ് പ്ലാസ ഹോട്ടൽ എന്നിവിടങ്ങളിൽ എത്തിച്ചാണ് തെളിവെടുത്തത്. തെളിവെടുപ്പിനിടെ കൂകി വിളികളോടെയാണ് ജനം ദിലീപിനെ സ്വീകരിച്ചത്. തെളിവെടുപ്പിനു മുന്നോടിയായി ദിലീപിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയിരുന്നു.
ഷൂട്ടിങ് ലൊക്കേഷനായിരുന്നപ്പോള്‍ ശാന്തിഗിരി കോളജിൽ വെച്ചും അബാദ് പ്ലാസ ഹോട്ടലിലും ദിലീപും കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും തമ്മില്‍ ഗൂഢാലോചന നടത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായി ദിലിപീനെ ഇവിടെ എത്തിച്ചത്.
രണ്ടാളുകള്‍ തമ്മിലൂള്ള കൂടിക്കാഴ്ചയെ ഗൂഢാലോചനയായി വ്യാഖ്യാനിക്കാനാകില്ലെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ ഇന്ന് വാദിച്ചിരുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗൂഢാലോചന നടന്നതായി പറയുന്ന ഇടങ്ങളിലാകും ദിലീപിനെ തെളിവെടുപ്പിന് എത്തിക്കുക.
ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടതോടെയാണ് അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ അപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്. പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും രണ്ട് ദിവസം മാത്രമേ കോടതി അനുവദിച്ചുള്ളൂ. രണ്ട് ദിവസത്തിന് ശേഷം ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.