കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെക്കുറിച്ച് സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. ഇൻഫോപാർക്ക് പൊലീസ് രജസ്റ്റർ ചെയ്ത കേസിൽ തൃക്കാക്കര എ.സി.പി പി.വി. ബേബിക്കാണ് അന്വേഷണച്ചുമതല. പ്ലാന്റിലെ തൊഴിലാളികൾ, കരാറുകാർ തുടങ്ങിയവരുടെ മൊഴിയെടുക്കും. ഏക്കറുകണക്കിന് പ്ലാസ്റ്റിക് മാലിന്യം കത്തിയ സംഭവത്തിലെ ദുരൂഹത അന്വേഷിക്കും.
ബ്രഹ്മപുരം മാലിന്യശാലയിലെ തീപിടിത്തം ആസൂത്രിതമെന്ന സംശയം ബലപ്പെടുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മാലിന്യം ബയോ മൈനിങ് ചെയ്യാൻ കോർപറേഷൻ അനുമതി നൽകിയതിൽ അഴിമതി ആരോപിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കേസ് വന്നതിനു പിന്നാലെയാണ് തീപിടിത്തം ഉണ്ടായത്.
മാലിന്യമലയിൽ ഏഴിടത്തുനിന്നാണ് തീപടർന്നത്. തീയണക്കാൻ അടിയന്തര നടപടി ഉണ്ടായതുമില്ല.
തീപിടിത്തത്തിൽ കൊച്ചി കോർപറേഷന് മലിനീകരണ നിയന്ത്രണ ബോർഡ് 1.81 കോടി രൂപ പിഴ ചുമത്തിയിരുന്നു. പ്ലാന്‍റിൽ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്നും ഫയർ ഹൈഡ്രന്‍റുകൾ പ്രവർത്തിച്ചിട്ടില്ലെന്നും പി.സി.ബി കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.