പാലക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വായിൽ മുറിവുണ്ടായതിനെത്തുടർന്ന് കാട്ടാന ചെരിഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. സ്ഫോടക വസ്തുകൈവശം വെക്കൽ, വന്യം ജീവികളെ വേട്ടയാടൽ എന്നീ നിയമപ്രകാരമാണ് വ്യാഴാഴ്ച രാവിലെ മണ്ണാർക്കാട് പൊലീസ് കേസെടുത്തത്.
വനം വകുപ്പ് നേരത്തെതന്നെ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. കൃത്യത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ട് സാധ്യതകളാണ് വനംവകുപ്പ് കാണുന്നത്. നേരത്തെയും സൈലൻറ് വാലിയുടെ ബഫർസോണിൽ കാട്ടാനകൾ കൊലപ്പെട്ടിരുന്നു. കൊമ്പുകൾ എടുക്കാനായിരുന്നു രണ്ട് ആനകളെ വേട്ടസംഘം കൊലപ്പെടുത്തിയത്. ഇതോടൊപ്പം ഈ മേഖലയിലുള്ള പന്നിശല്യം കാരണം അവയെ ഓടിക്കാൻ സ്ഫോടക വസ്തു വെച്ചതാണെന്ന നിഗമനവുമുണ്ട്.
പൈനാപ്പിളിെൻറയോ മറ്റോ ഉള്ളിൽവെച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വായിൽ മുറിവുണ്ടായതിനെത്തുടർന്ന് അവശനിലയിലായിരുന്ന കാട്ടാന മേയ് 27നാണ് അമ്പലപ്പാറ തെയ്യംകുണ്ടിൽ ചെരിഞ്ഞത്. 15 വയസ്സ് തോന്നിക്കുന്ന ആന ഒരുമാസം ഗർഭിണിയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.
മേൽത്താടിയും കീഴ്ത്താടിയും തകർന്ന് ഒന്നും കഴിക്കാനാവാത്ത അവസ്ഥയിലായിരുന്നു. മുറിവിന് ഒരാഴ്ചത്തെ പഴക്കമാണ് കണക്കാക്കുന്നത്. മുറിവിന് ശമനമുണ്ടാകാൻ തുമ്പിക്കൈ വെള്ളത്തിൽ മുക്കി വെള്ളിയാർ പുഴയിൽ നിൽക്കുന്ന ആനയുടെ ചിത്രം പുറത്തുവന്നിരുന്നു.
തുടർന്ന് കരക്ക് കയറ്റി ചികിത്സ ലഭ്യമാക്കാൻ പാലക്കാട് ധോണിയിൽനിന്ന് രണ്ട് കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു. വെള്ളത്തിൽനിന്ന് കയറ്റാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് 27ന് വൈകീട്ട് നാലോടെ ആന ചെരിഞ്ഞത്. തുടർന്ന് കച്ചേരിപറമ്പിലെത്തിച്ച് വെറ്ററിനറി സർജൻ ഡേവിഡ് എബ്രഹാമിെൻറ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു.
25ന് രാവിലെ തെയ്യംകുണ്ടിലെത്തി വെള്ളത്തിൽ നിലയുറപ്പിച്ചിരുന്ന ആനയെ കാട്ടിലേക്ക് തിരികെയയക്കാൻ അന്ന് വൈകീട്ട് പടക്കം പൊട്ടിച്ചും റബർ ബുള്ളറ്റ് ഉപയോഗിച്ചും ശ്രമം നടത്തിയിരുന്നെങ്കിലും അവശയായ കാട്ടാന വെള്ളത്തിൽ തന്നെ തുടരുകയായിരുന്നു.
രണ്ട് ദിവസത്തിലേറെ അവശനിലയിലായിട്ടും ചികിത്സ ലഭ്യമാക്കുന്നതിൽ വനംവകുപ്പും മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ട്. ആനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ, ഈ ക്രൂരകൃത്യത്തിനെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ ഭാഗങ്ങളിൽനിന്ന് ഉയർന്നത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കർ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സംഭവത്തിന് ഉത്തരവാദികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഹ്യൂമൻ സൊസൈറ്റി ഇൻറർനാഷനൽ 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെ ഇന്ത്യൻ ഘടകത്തിെൻറ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 76749 22044, india@hsi.org എന്നിവ വഴി വിവരം നൽകാം.
സ്ഫോടക വസ്തു കടിച്ച് വായ് തകർന്ന് ഗർഭിണിയായ കാട്ടാന മരിച്ച സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി കെ. രാജു അറിയിച്ചിട്ടുണ്ട്. തികച്ചും ദാരുണമായ സംഭവമാണുണ്ടായതെന്നും ആനയെ വേദനയിൽ നീറി മരിക്കാൻ വിട്ടവർ മാപ്പർഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മലപ്പുറത്താണ് കൃത്യം നടന്നതെന്ന മട്ടിൽ വർഗീയ മുതലെടുപ്പിനും ദുഷ്പ്രചാരണങ്ങൾക്കും സംഭവം കാരണമായി. മലപ്പുറം ജില്ല ഇത്തരം ക്രൂരകൃത്യങ്ങൾക്ക് പ്രസിദ്ധമാണെന്നായിരുന്നു മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ മനേക ഗാന്ധി പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.