പൊലീസുകാർ നിശ്ചിത കാലം വിജിലൻസിൽ പ്രവർത്തിക്കണം

തിരുവനന്തപുരം: പൊലീസ് സേനാംഗങ്ങൾ നിശ്ചിത കാലം വിജിലൻസിൽ പ്രവർത്തിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പൊലീസ്, വിജിലൻസ്, ജയിൽ വകുപ്പുകളുമായി ബന്ധപ്പെട്ട ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അഴിമതി പൂർണമായും ഇല്ലാതാക്കാൻ സാധിച്ചിട്ടില്ല.

കൈക്കൂലിയും അഴിമതിയും തടയുന്നതിന് വിജിലൻസ് ശക്തമായ നടപടികളാണ് കൈക്കൊണ്ടുവരുന്നത്. 2021 ൽ 30 ട്രാപ് കേസുകളും ’22 ൽ 47 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. ഈവർഷം രണ്ട് മാസത്തിനുള്ളിൽ ഇത്തരത്തിൽ പത്ത് കേസുകളും രജിസ്റ്റർ ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മുട്ടത്തറയിൽ വിജിലൻസ് കോംപ്ലക്സ് സംവിധാനം പൂർത്തിയായി വരികയാണ്.

വിജിലൻസിലേക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് കൃത്യമായ പരിശോധന നടത്തി പട്ടിക തയാറാക്കിയാണ്. 996 ഗുണ്ടകളെ കാപ്പ ചുമത്തി ജയിലിലടക്കണമെന്ന ശിപാർശയാണ് ജില്ല കലക്ടർമാർക്ക് സമർപ്പിക്കപ്പെട്ടത്. അതിൽ 349 പേർക്കെതിരെ ഉത്തരവ് നടപ്പാക്കി. 749 പേരെ നാടുകടത്താൻ ശിപാർശ നൽകിയതിൽ 387 പേരെ നാടുകടത്തി. സർക്കാർ അധികാരത്തിൽ വന്നശേഷം പോക്സോ കേസുകളിലെ 863 പ്രതികളെ ശിക്ഷിച്ചു. കേസുകൾ അതിവേഗം തീർപ്പാക്കാൻ പ്രഖ്യാപിച്ച 56 കോടതികളിൽ 53 എണ്ണം പ്രവർത്തനമാരംഭിച്ചു. ജയിലുകൾ തിരുത്തൽ കേന്ദ്രങ്ങളായി മാറിയെന്നും മറ്റ് പ്രവണതകൾ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Tags:    
News Summary - Policemen should work on vigilance for a certain period of time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.