കോഴിക്കോട്: കേരള പൊലീസിന്റെ വിവിധ സേവനങ്ങൾ നിമിഷങ്ങൾക്കകം വിരൽതുമ്പിൽ ലഭ്യമാക്കുന്ന 'പോൽ ആപ്' സൂപ്പർഹിറ്റായി. സേനയുടെ 35 സേവനങ്ങളാണ് ആപ്പിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാവുന്നത്.
നിലവിൽ 6,66,305 പേരാണ് ഈ ആപ് ഡൗൺലോഡ് ചെയ്തത്. ഇതോടെ ഇന്ത്യയിലെതന്നെ ജനപ്രിയ പൊലീസ് ആപ്പുകളിലൊന്നായി 'പാൽ ആപ്' മറി. ആപ്‍വഴി സഹായം തേടിയതിനെ തുടർന്ന് സംസ്ഥാനത്തെ അടച്ചിട്ട 4245 വീടുകൾക്കാണ് പൊലീസ് സുരക്ഷയൊരുക്കിയത്.
വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള 16,396 പേർക്ക് രക്തം ലഭ്യമാക്കുകയും ചെയ്തു. നിലവിൽ വിവിധ ജില്ലകളിലുള്ള 34,578 പേരാണ് ആപ്പിൽ രക്തദാനത്തിന് തയാറായി രജിസ്റ്റർ ചെയ്തത്.
വിനോദയാത്ര പോകുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷൻ അടക്കമുള്ള വിവരങ്ങൾ തേടിയ 67,184 പേർക്കും സേവനം ലഭ്യമാക്കി. 10,329 പേരാണ് സൈബർ കെണികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ആപ്പിലൂടെ പൊലീസുമായി പങ്കുവെച്ചത്.
ഇതിൽ പലതും കുറ്റവാളികളെ പിടികൂടുന്നതിന് സേനക്ക് സഹായകമാവുകയും ചെയ്തു. സ്ത്രീകൾക്കും മുതിർന്നവർക്കുമായി വിവിധങ്ങളായ 2735 സേവനങ്ങളും ലഭ്യമാക്കി.
വിവിധങ്ങളായ കുറ്റകൃത്യങ്ങളുടെ 2716 പരാതികളും ആപ്പിലൂടെ ലഭിച്ചു. അടിയന്തര സഹായമഭ്യർഥിച്ച് ബന്ധപ്പെട്ട 16,917 പേർക്കും ഉടൻ സേവനം ലഭ്യമാക്കി.
2020ൽ ഉദ്ഘാടനം ചെയ്ത പൊൽ ആപ്പിന്റെ പ്രവർത്തനം ഡി.സി.ആർ.ബിയിൽ പ്രവർത്തിക്കുന്ന ക്രൈം ആൻഡ് ക്രിമിനൽ നെറ്റ്‌വർക്ക് സിസ്‌റ്റം വിഭാഗമാണ് ഏകോപിപ്പിക്കുന്നത്. ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനുകളിലേക്ക് കൈമാറിയാണ് തുടർനടപടികൾ സ്വീകരിക്കുന്നത്.
മുതിർന്ന പൗരന്മാർക്കുള്ള ജനമൈത്രി സേവനത്തിന്റെ രജിസ്ട്രേഷൻ, കാമറ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ ഷൂട്ട് ചെയ്ത് പൊലീസിന് കൈമാറൽ, വീടുപൂട്ടി പോകുമ്പോൾ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കൽ, ഉപേക്ഷിക്കപ്പെട്ടവരുടെ ഫോട്ടോ സഹിതം വിവരം കൈമാറൽ.
ഒറ്റക്ക് താമസിക്കുന്ന സ്ത്രീകൾക്ക് വിലാസമടക്കമുള്ള വിവരങ്ങൾ പൊലീസുമായി പങ്കുവെക്കൽ, പൊലീസ് സ്റ്റേഷനിൽ കൂടിക്കാഴ്ചക്ക് മുൻകൂട്ടി സമയം ബുക്ക് ചെയ്യൽ, രക്തദാനം, സൈബർ കുറ്റകൃത്യങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും നേരിട്ട് അയക്കൽ.
യാത്രപോകുമ്പോൾ ഡ്രൈവറുടെയും വാഹനത്തിന്റെയും ചിത്രം ആപ്പിൽ പങ്കുവെക്കൽ, പ്രധാനപ്പെട്ട സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷൻ നമ്പറടക്കം ടൂറിസ്റ്റ് ഗൈഡ് സഹായം, പൊലീസ് സേവനങ്ങൾക്കുള്ള ഫീസ് ആപ് വഴി ട്രഷറിയിൽ അടക്കൽ, എഫ്.ഐ.ആർ ഡൗൺലോഡ് ചെയ്യൽ, പാസ്പോർട്ട് വെരിഫിക്കേഷൻ സ്റ്റാറ്റസ് അറിയൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.