മലപ്പുറം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന സർവേകളിൽ പലതും പെയ്ഡ് ന്യൂസ് സ്വഭാവത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില ഏജൻസികളെ വെച്ച് ഒട്ടും സുതാര്യതയില്ലാതെ, തട്ടിക്കൂട്ടിയ കണക്കുകൾ വെച്ചാണ് ചിലർ സർവേയെന്ന പേരിൽ തെറ്റായ വിവരം പുറത്തുവിടുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇതിന്‍റെയെല്ലാം ലക്ഷ്യം. ഇവ പെയ്ഡ് ആണോയെന്ന് ജനങ്ങൾ സംശയിക്കുന്നുണ്ട്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഇത്തരം തെറ്റായ സർവേകൾ പുറത്തുവന്നിരുന്നു. സംസ്ഥാനത്ത് ഉയർന്ന ഭൂരിപക്ഷത്തിൽ ജയിച്ച കെ.കെ. ഷൈലജ മട്ടന്നൂരിൽ തോൽക്കുമെന്നുവരെ സർവേ പ്രവചനമുണ്ടായിരുന്നു. ഒരു സർവേയിൽ തോൽവി പ്രവചിച്ച പലരും ഇപ്പോൾ മന്ത്രിമാരാണ്. ബി.ജെ.പിയെ എതിർക്കുന്നതിൽ പ്രത്യയശാസ്ത്രപരമായോ, പ്രായോഗികമായോ കോൺഗ്രസ്സിന് ഒരു താൽപര്യവുമില്ലെന്ന് പിണറായി കുറ്റപ്പെടുത്തി. കോൺഗ്രസ്സിൽനിന്ന് ബി.ജെ.പിയിലേക്കുള്ള ഒഴുക്കിന് ഒരവസാനമില്ലാത്ത സ്ഥിതിയാണ്. കേരളത്തിലും ഈ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്.
മുൻ കോൺഗ്രസ്സ് മുഖ്യമന്ത്രിമാരുടെ മക്കളിൽ തുടങ്ങി പലരും ഇന്ന് ബി.ജെ.പി ഓഫിസിലേക്ക് ടിക്കറ്റെടുത്ത് നിൽക്കുകയാണ്. മലപ്പുറം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി യു.ഡി.എഫ് നോമിനിയായി കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായ വ്യക്തിയാണ്. എറണാകുളത്ത് മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി കോൺഗ്രസ്സിന്‍റെ സംഭാവനയാണ്. 2004ൽ കാലടി സർവകലാശാലയുടെ വൈസ് ചാൻസലർ പദവിയിലും 2011ൽ പി.എസ്.സി ചെയർമാന്‍റെ പോസ്റ്റിലും ഇദ്ദേഹത്തെയാണ് കോൺഗ്രസ്സ് നിയോഗിച്ചിരുന്നത്. പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർഥി മുൻ കോൺഗ്രസ്സ് മുഖ്യമന്ത്രിയുടെ മകനും പാർട്ടിയുടെ ഐ.ടി സെൽ തലവനുമായിരുന്നു. കണ്ണൂരിലെ ബി.ജെ.പി സ്ഥാനാർഥി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് കോൺഗ്രസ്സ് സ്ഥാനാർഥിയായി മത്സരിച്ചയാളാണ്.
മാവേലിക്കരയിലെ എൻ.ഡി.എ സ്ഥാനാർഥി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ആയിരുന്നയാളാണ്. ഇന്ന് കേരളത്തിൽ എൻ.ഡി.എക്കുവേണ്ടി മത്സരിക്കുന്ന നാലിൽ ഒന്നും മുൻ യു.ഡി.എഫുകാരാണെന്നും പിണറായി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.