‘സിദ്ധാർഥന്റെ മൃതദേഹം നീല കലർന്ന് തണുത്തുറഞ്ഞിട്ടും ഡീൻ ഗുരുതര വീഴ്ച കാണിച്ചു’ -റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ
text_fieldsതിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥിന്റെ മരണത്തെകുറിച്ച് അന്വേഷിക്കാൻ ചാൻസലർ കൂടിയായ ഗവർണർ നിയമിച്ച കമീഷൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് റിപ്പോർട്ട് സമർപ്പിച്ചു. ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് എ. ഹരിപ്രസാദാണ് ആണ് അന്വേഷണ കമീഷൻ. സിദ്ധാർത്ഥന്റെ മരണത്തിന് പിന്നിൽ കുറ്റകൃത്യം ചെയ്തവർ ആരാണെന്നോ വിദ്യാർഥികൾക്ക് കാമ്പസിനുപുറത്ത് സംരക്ഷണം ഒരുക്കിയതായി പറയുന്ന സംഘടന ഏതാണെന്നോ ഹോസ്റ്റൽ ചുമരുകളിൽ എഴുതിവച്ചിട്ടുള്ള രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ആരുടേതെന്നോ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. അതേസമയം, മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് വിസിക്കും ഡീനിനും ഒഴിഞ്ഞു മാറാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ റിപ്പോർട്ടിൽ ഇരുവർക്കുമെതിരെ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു.
മരണത്തെക്കുറിച്ച് അന്വേഷിച്ച സി.ബി.ഐ കുറ്റപത്രം ഹൈകോടതിയിൽ നൽകിയതിന് പിന്നാലെയാണ് കമീഷന്റെ റിപ്പോർട്ട്. മേയ് 29നാണ് കമീഷൻ പ്രവർത്തനം ആരംഭിച്ചത്. മൂന്നുമാസമായിരുന്നു റിപ്പോർട്ട് നൽകാൻ സമയം അനുവദിച്ചിരുന്നത്. മൂന്നുമാസം ജയിലിൽ റിമാൻഡിൽ ആയിരുന്ന വിദ്യാർഥികൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി ജാമ്യം അനുവദിച്ചിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏതാനും വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതിയും ലഭിച്ചു. വൈസ് ചാൻസലർ, സിദ്ധാർത്ഥന്റെ മാതാപിതാക്കൾ, സഹപാഠികൾ, അധ്യാപകർ, വാർഡൻ എന്നിവർ ഉൾപ്പെടെയുള്ളവരിൽ നിന്ന് കമീഷൻ മൊഴിയെടുത്തിരുന്നു.
കമീഷന്റെ കണ്ടെത്തലുകൾ:
- വി.സിയായിരുന്ന ഡോ. എം.ആർ. ശശീന്ദ്രനാഥ്, ഹോസ്റ്റൽ വാർഡൻ കൂടിയായ കോളജ് ഡീൻ ഡോ. നാരായണൻ എന്നിവർക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല. സിദ്ധാർത്ഥന്റെ മരണദിവസം വി.സി ക്യാമ്പസിൽ ഉണ്ടായിരുന്നിട്ടും പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി സമയബന്ധിതമായി നടപടി സ്വീകരിച്ചില്ല.
- ഹോസ്റ്റൽ മുറികളുടെ ചുവരികളിൽ മുഴുവൻ അശ്ലീലവും രാഷ്ട്രീയ മുദ്രാവാക്യങ്ങളും എഴുതിപിടിപ്പിച്ചിട്ടും ഹോസ്റ്റലിൽ അച്ചടക്കം നടപ്പാക്കാത്തതിൽ വാർഡന് യാതൊരാശങ്കയുമില്ല.
- സിദ്ധാർത്ഥന്റെ മരണ വിവരം അറിഞ്ഞശേഷം പോലും, വിവേകപൂർവം നടപടി കൈക്കൊള്ളാത്തത് സമൂഹത്തിൽ നിശിതമായ വിമർശനങ്ങൾക്ക് ഇടയാക്കി. ഒരു ഡോക്ടർ കൂടിയായ ഡീനിന് സിദ്ധാർത്ഥന്റെ മൃതശരീരം നീല കലർന്നതായിട്ടും, തണുത്തുറഞ്ഞിട്ടും, നാഡിമിടുപ്പില്ലെന്ന് കണ്ടെത്തിയിട്ടും യഥാസമയം പൊലീസിനെ അറിയിക്കുന്നതിൽ ഗുരുതര വീഴ്ച ഉണ്ടായി. മരണപ്പെട്ടുവെന്ന് കുട്ടികൾക്ക് പോലും അറിയാമായിരുന്നു.
- ഹോസ്റ്റലിൽ സി.സി.ടി.വി സ്ഥാപിക്കണമെന്നും, സെക്യൂരിറ്റി സംവിധാനം ഏർപ്പെടുത്തണമെന്നും അസിസ്റ്റൻറ് വാർഡൻ പലയാവർത്തി ആവശ്യപ്പെട്ടിട്ടും വി.സിയോ, രജിസ്ട്രാറോ, ഡീനോ നടപടി എടുത്തില്ല.
- വാർഡനും അസിസ്റ്റന്റ് വാർഡനും ഹോസ്റ്റൽ സന്ദർശിക്കാറില്ലായിരുന്നു.
- വിദ്യാർഥികളുടെ നേരിട്ടുള്ള ചുമതല നൽകിയിട്ടുള്ള സ്റ്റുഡൻസ് അഡ്വൈസർമാർക്ക് വിദ്യാർഥികളുമായി യാതൊരു ബന്ധവുമില്ല.
- ഹോസ്റ്റലിന്റെ നിയന്ത്രണം മുഴുവനും സീനിയർ വിദ്യാർഥികളുടെ ആധിപത്യത്തിലാണ്.
- അധ്യാപകരിൽ വലിയൊരു ഭാഗം മണ്ണുത്തി ക്യാമ്പസിൽ കഴിയുവാൻ താല്പര്യപ്പെടുന്നതുകൊണ്ട് പൂക്കോട് കാമ്പസിൽ ഉത്തരവാദിത്തപ്പെട്ടവർ ആരും ശ്രദ്ധിക്കാനില്ലാതെ, തികഞ്ഞ അരാജകത്വമാണ്.
- വ്യത്യസ്ത രാഷ്ട്രീയ ആശയമുള്ള വിദ്യാർഥി സംഘടനകളുടെ പ്രവർത്തനം സാധാരണ കാമ്പസുകളിൽ അശാന്തിക്ക് കാരണമാവാറുണ്ടെങ്കിലും ഇവിടെ സിദ്ധാർഥന്റെ മരണത്തിന് കാരണമായ നിർഭാഗ്യകരമായ സംഭവത്തിന് പിന്നിൽ വിദ്യാർഥി സംഘടന രാഷ്ട്രീയമുള്ളതായി കമീഷന് കണ്ടെത്താനായില്ല.
- എന്നാൽ ബാഹ്യശക്തികളുടെ പിന്തുണയോടെ കാമ്പസ്സിൽ നടത്തുന്ന രാഷ്ട്രീയ പ്രവർത്തനത്തിലൂടെ കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കാനും കുറ്റവാളികളെ നിയമ നടപടികളിൽ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നുവെന്നത് ചെറിയ കാര്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.