കണ്ണൂർ: താൻ നവീന്‍റെ കുടുംബത്തോടൊപ്പമാണെന്നും ആഗ്രഹിക്കുന്ന നീതി അവർക്ക് ലഭിക്കണമെന്നും നവീൻ ബാബുവിന്‍റെ മരണത്തിൽ ജാമ്യത്തിലിറങ്ങിയ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി. ദിവ്യ. കേസിലെ എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ദിവ്യ പറഞ്ഞു.
ദിവ്യയുടെ വാക്കുകൾ:
ഞാൻ ആ കുടുംബത്തിന്‍റെ കൂടെ തന്നെയാണ്. കാരണം, അവരുടെ ആവശ്യം എന്താണോ അതുതന്നെയാണ് എന്‍റെയും ആവശ്യം. ഈ കേസിലെ എല്ലാ സത്യങ്ങളും പുറത്തുവരണം. അതിന് എന്‍റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായവും ചെയ്യും. ഏത് രീതിയിൽ സഹകരിക്കണമെങ്കിലും സഹകരിക്കും. നിയമപോരാട്ടത്തിലാണ് ഞാൻ ഉള്ളത്. നവീന്‍റെ കുടുംബത്തോടൊപ്പമാണ് ഞാനുള്ളത്. ആ കുടുംബം ആഗ്രഹിക്കുന്ന നീതി അവർക്ക് ലഭിക്കണം.
തീവ്രവാദികളെ കൊണ്ടുപോകുന്ന പോലെ ലൈവാണ് മാധ്യമങ്ങൾ നൽകിയത്. വലിയ കൊലയാളിയെ കൊണ്ടുപോകുന്ന പോലെയാണ് എന്നെ കൊണ്ടുപോയത്. ഒരായിരം ആത്മഹത്യ ചെയ്യേണ്ട കാര്യങ്ങൾ എന്നെ സംബന്ധിച്ച് ഉണ്ടായി. എനിക്ക് ഒരു സത്യമുണ്ട് എന്നുള്ളത് കൊണ്ടാണ് അതെല്ലാം അതിജീവിച്ച് ഞാൻ നിൽക്കുന്നത്.
എന്നെ സ്നേഹിക്കുന്ന, വിശ്വസിക്കുന്ന പലരും തെറ്റിദ്ധരിക്കപ്പെട്ടു. അവർക്ക് മുമ്പിലാണ് എന്‍റെ നിരപരാധിത്വം തെളിയിക്കേണ്ടത്. സാധാരണ പാർട്ടി പ്രവർത്തകയായി എന്‍റെ പാർട്ടിയോടൊപ്പം നിന്ന് മുന്നോട്ടുപോകും -ദിവ്യ പറഞ്ഞു.
കണ്ണൂർ: തനിക്ക് പറയാനുള്ളത് പാർട്ടി വേദികളിൽ പറയുമെന്നും പാർട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്നും പി.പി. ദവ്യ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദിവ്യയുടെ വിശദീകരണം.
പി.പി. ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്:
എന്‍റെ പ്രതികരണമെന്ന നിലയിൽ ഇപ്പോൾ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ എൻ്റെ അഭിപ്രായമല്ല .
അത്തരമൊരു പ്രതികരണം ഞാൻ നടത്തിയിട്ടുമില്ല .
മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്.
മറ്റു വ്യാഖ്യാനങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല .
ഉത്തരവാദപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ എനിക്കു പറയാനുള്ളത് പാർട്ടി വേദികളിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ചു വന്ന രീതി. അത് തുടരും, എന്റെ പാർട്ടി സ്വീകരിച്ച നടപടി ഞാൻ അംഗീകരിക്കുന്നു.
എൻ്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.