ബേപ്പൂർ: കടലിൽ ചെമ്മീനിെൻറ ലഭ്യതക്കുറവ് പീലിങ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ പീലിങ് ഷെഡുകളിൽ പണിയെടുക്കുന്ന ഒരു ലക്ഷത്തിലധികം തൊഴിലാളികളും, ആയിരത്തോളം വരുന്ന ചെമ്മീൻ ഷെഡുടമകളുമാണ് ഇതോടെ വഴിയാധാരമാകുന്നത്.
സംസ്ഥാനത്ത് 90 ശതമാനം സ്ത്രീകൾ ജോലി ചെയ്യുന്ന ഒരു വലിയ വ്യവസായ മേഖലയാണ് പീലിങ്. തൊലിയുരിച്ച ചെമ്മീന്, യൂറോപ്യൻ രാജ്യങ്ങൾക്ക് പുറമെ ചൈന, അമേരിക്ക എന്നിവിടങ്ങളിലും ആവശ്യക്കാരേറെയാണ്.
ശുദ്ധിയോടെ ഫ്രീസ് ചെയ്ത്, ബ്ലോക്ക് രൂപത്തിലാക്കിയാണ് ഇവ വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നത്. യന്ത്രവത്കൃത ബോട്ടുകളും, വള്ളങ്ങളും പിടിച്ചുകൊണ്ടു വരുന്ന ചെമ്മീനിെൻറ ലഭ്യതക്കുറവ് പരിഹരിച്ചിരുന്നത് തമിഴ്നാട്, ആന്ധ്ര, ഒഡിഷ എന്നിവിടങ്ങളിലെ ഫാമുകളിൽ നിന്നെത്തിക്കുന്ന വനാമി ചെമ്മീനായിരുന്നു. ലോക്ഡൗൺ ആരംഭിച്ചതു മുതൽ അന്തർ സംസ്ഥാനങ്ങളിൽനിന്നുള്ള വനാമി ചെമ്മീൻ വരവ് നിലച്ചു.
അവിടങ്ങളിൽ ഫാമുകളോട് ചേർന്നുതന്നെ പീലിങ് ഷെഡുകൾ ആരംഭിച്ചതും പീലിങ് മേഖലക്ക് ഇരുട്ടടിയായി. ഇപ്പോൾ വനാമി ചെമ്മീൻ, മുമ്പ് ലഭിച്ചിരുന്നതിെൻറ 20 ശതമാനം പോലും എത്തുന്നില്ല. ഇതോടെ ഷെഡുകൾ പലതും അടച്ചുപൂട്ടലിെൻറ ഭീഷണിയിലാണെന്ന് ചിൽഡ് ഫിഷ് വ്യാപാരിയും, ബ്രിസോർട്ട് എക്സ്പോർട്ടർ കമ്പനി ഉടമയുമായ കെ.വി. ഫൈസൽ റഹ്മാൻ പറഞ്ഞു.
മത്സ്യകയറ്റുമതി മേഖല പൂർണമായും തെക്കൻ ജില്ലകളിലേക്ക് കേന്ദ്രീകരിച്ചപ്പോൾ, മലബാറിലെ ചെമ്മീൻ പീലിങ് ഷെഡുകൾ മിക്കതും ഇല്ലാതായി. കോഴിക്കോട് ജില്ലയിലെ ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി മേഖലകളിലുള്ളത് വർഷങ്ങൾക്കു മുമ്പുതന്നെ അടച്ചു പൂട്ടി.
അന്തർസംസ്ഥാനങ്ങളിലെ തീരദേശ മേഖലകളിൽ നിരവധി ചെമ്മീൻ ഫാമുകൾ പ്രവർത്തിക്കുമ്പോൾ, നമ്മുടെ സംസ്ഥാനത്ത് ഫാമുകളുടെ എണ്ണം വളരെ കുറവാണ്.
പ്രതിവർഷം രാജ്യത്തിന് 60,000 കോടിയുടെ വിദേശനാണ്യം നേടിത്തരുന്ന മത്സ്യ കയറ്റുമതി വ്യവസായത്തിെൻറ നെടുംതൂണായ പീലിങ് മേഖല നിലനിർത്തുന്നതിനാവശ്യമായ അടിയന്തരനടപടി ഫിഷറീസ് വകുപ്പിൽ നിന്നുണ്ടാകണമെന്ന് ചേംബർ ഓഫ് കേരള സീഫുഡ് ഇൻഡസ്ട്രിയുടെ പ്രസിഡൻറ് ജെ.ആർ. അജിത്ത് അഭിപ്രായപ്പെട്ടു.
തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിലവിലുള്ള ഫാമുകളിൽ ഉൽപാദനം വർധിപ്പിക്കാനുള്ള സൗകര്യങ്ങളുണ്ടാകണം.
കടലിലെ ചെമ്മീൻ ക്ഷാമം പരിഹരിക്കാൻ സംസ്ഥാനത്ത് കൂടുതൽ ഫാമുകൾ ആരംഭിക്കുകയും, വനാമി കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സർക്കാർ സഹായം നൽകണമെന്നുമാണ് മേഖലയിലുള്ളവർ ശക്തമായി ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.