മലപ്പുറം: മലയോര മേഖലയിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം തേടി വംശവർധനവ് തടയാൻ വേണ്ട നടപടി എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തിൽ മുഖ്യമന്ത്രിയും അഡ്വക്കറ്റ് ജനറലുമായി കൂടിയാലോചന നടത്തി നിയമപരമായി സുപ്രീം കോടതിയെ സമീപിക്കും. വിഷയവുമായി ബന്ധപ്പെട്ട് 2013ൽ ഒരു എൻ.ജി.ഒ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേരളമടക്കം 12 സംസ്ഥാനങ്ങൾ കക്ഷികളായ കേസിൽ സ്റ്റേ നീക്കാൻ ഇതുവരെ നടപടി സ്വീകരിച്ചിരുന്നില്ല. സ്റ്റേ നീക്കുന്നതിനുള്ള നടപടികളെ കുറിച്ച് സർക്കാർ ആലോചിക്കും. പ്രശ്നത്തിൽ ശാശ്വത പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
നേരത്തെ ഇക്കാര്യം പറഞ്ഞപ്പോൾ തന്റെ പരാജയമാണെന്ന് ചിലർ വിലയിരുത്തി. എന്നാൽ ഇതുവരെ എടുത്ത നടപടികൾ ശാശ്വതമല്ലെന്ന് കണ്ടതോടെയാണ് ഈ തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.
മഞ്ഞക്കൊന്ന എന്ന വൃക്ഷത്തിന്റെ സാന്നിധ്യംകൊണ്ട് നിലവിൽ കാട്ടിനുള്ളിലെ പച്ചപ്പുൽ നശിച്ച് പോകുന്ന സാഹചര്യമുണ്ട്. ഇക്കാരണത്താൽ വന്യജീവികൾ ഭക്ഷണമന്വേഷിച്ച് നാട്ടിലേക്ക് വരുന്നത് കൂടിയിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ ടെൻഡർ നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിൽ കടുവയെ പിടിക്കുന്നതിൽ ദൗത്യസംഘം അഭിനന്ദനാർഹമായ നടപടികൾ സ്വീകരിച്ചെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ മലപ്പുറത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.