കെ. വിദ്യ സമർപ്പിച്ച വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെത്തി

കൊച്ചി: എസ്.എഫ്‌.ഐ മുന്‍ നേതാവ്‌ കെ. വിദ്യ സമർപ്പിച്ച മഹാരാജാസ് കോളജിന്റെ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെത്തി. പാലാരിവട്ടത്തെ പൂട്ടിയ ഇന്റര്‍നെറ്റ് കഫേയിൽ നിന്നാണ് അ​ഗളി പൊലീസ് പ്രിന്റ് കണ്ടെടുത്തത്. വിദ്യയുടെ ഫോണിലെ ഇ-മെയിലുകള്‍ വീണ്ടെടുത്ത ശേഷം നടത്തിയ അന്വേഷണത്തിലാണ് കഫേയെക്കുറിച്ച് വിവരം ലഭിച്ചത്.

ഒരു വര്‍ഷം മുമ്പ് പൂട്ടിയ കഫേയില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെത്തിയത്. കഫേ ഉടമയെ വിളിച്ചുവരുത്തി പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഇദ്ദേഹത്തിന് വിദ്യയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് സർട്ടിഫിക്കറ്റ് പ്രിന്റെടുത്തത് ഇതേ കഫേയില്‍ നിന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

ഫോണിലാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതെന്നും അഭിമുഖം നടത്തിയ അധ്യാപിക ഫോൺ വഴി സംശയമുന്നയിച്ചതിനെത്തുടർന്ന് മടക്കയാത്രയിൽ അട്ടപ്പാടി ചുരത്തിൽ വെച്ച് സർട്ടിഫിക്കറ്റ് കീറിയെറിഞ്ഞെന്നും വിദ്യ പൊലീസിന് മൊഴി നൽകിയിരുന്നു. ഈ പശ്ചാത്തലത്തില്‍ നിര്‍ണായ തെളിവാണ് കണ്ടെത്തിയിരിക്കുന്നത്. മഹാരാജാസ് കോളജിന്റെ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്‌ ചമച്ചെന്നായിരുന്നു വിദ്യക്കെതിരായ കേസ്. അട്ടപ്പാടി രാജീവ് ഗാന്ധി മെമോറിയല്‍ ഗവ. കോളജിൽ ​ഗെസ്റ്റ് ലെക്ചറർ അഭിമുഖത്തിൽ പങ്കെടുക്കാനാണ് വ്യാജരേഖ ചമച്ചത്. മഹാരാജാസ് കോളജില്‍ 20 മാസത്തെ പ്രവൃത്തിപരിചയമുണ്ടെന്ന് ബയോഡാറ്റയിലും വിദ്യ അവകാശപ്പെട്ടിരുന്നു.

Tags:    
News Summary - Print of the fake work experience certificate submitted by K Vidya was found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.