മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ സ്വകാര്യ ആംബുലൻസുകൾ നിർത്തിയിടുന്നതിൽ നിയന്ത്രണമേർപ്പെടുത്തി. ഒരേ സമയം അത്യാവശ്യമുള്ള രണ്ട് ആംബുലൻസുകൾ മാത്രമാകും ഇനി ആശുപത്രി വളപ്പിൽ നിർത്തിയിടാനാവുക. മറ്റുള്ളവ നാല് ദിവസത്തിനകം ഒഴിയണമെന്നും നിർദേശിച്ചു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വാഹനം നിർത്താൻ സൗകര്യം ഒരുക്കാനാണ് പുതിയ തീരുമാനം. പലപ്പോഴും ആശുപത്രിയിലെത്തുന്നവർ റോഡിലും മറ്റുമായാണ് വാഹനങ്ങൾ നിർത്തിയിടുന്നത്. ഒ.പി ബ്ലോക്കിന് മുന്നിൽ ഡോക്ടർമാരുടെ വാഹനം മാത്രമാണ് നിർത്തിയിടുന്നത്.
കഴിഞ്ഞ ഫെബ്രുവരി 23നു കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതിയിൽ ആംബുലൻസുകൾ മാറ്റുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് തുടർനടപടി. കഴിഞ്ഞ 16 വർഷമായി അത്യാഹിത വിഭാഗത്തിന് സമീപമാണ് ആംബുലൻസുകൾ നിർത്തിയിടുന്നത്. 16 ആംബുലൻസുകളാണ് ഇവിടെയുള്ളത്. പുതിയ തീരുമാന പ്രകാരം ആശുപത്രി അധികൃതർ നിർദേശിക്കുന്നിടത്ത് രണ്ട് ആംബുലൻസുകൾക്ക് പാർക്ക് ചെയ്യാം. ഒരു ആംബുലൻസ് രോഗിയുമായി പോയാൽ മറ്റൊരു ആംബുലൻസിന് ഇവിടെ നിർത്താം. ആശുപത്രി അംബുലൻസ് സർവീസ് ലഭിക്കാതെ വരുമ്പോൾ സ്വകാര്യ ആംബുലൻസ് ആണ് രോഗികൾക്കും ബന്ധുക്കൾക്കും ആശ്രയം. രാത്രിയും പകലും സേവനം ലഭിക്കുന്ന തരത്തിലാണ് ഡ്രൈവർമാർ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഇത് മാറ്റുന്നതിനെതിരെ വിവിധ യൂനിയനുകൾ പ്രതിഷേധത്തിലാണ്.
മഞ്ചേരി: മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൻറെ പരിസരത്ത് നിന്നും സ്വകാര്യ ആംബുലൻസുകൾ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്നും ചെറുക്കുമെന്നും ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടർ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ഏരിയ കമ്മിറ്റി അറിയിച്ചു. അത്യാഹിത വിഭാഗം പോലെ പ്രധാനമാണ് ആംബുലൻസ് സർവീസ്. ഓക്സിജൻ സൗജന്യമായി നൽകിയാണ് സർവീസ്. രാത്രി മൂന്ന് ഡ്രൈവർമാർ സ്ഥിരമായി ഡ്യൂട്ടി ചെയ്യുന്നു. ഇതെല്ലാം ഒറ്റയടിക്ക് ഇല്ലാതാകുന്ന തീരുമാനം അംഗീകരിക്കില്ലെന്നും അവർ പറഞ്ഞു. പി.കെ. മുബഷീർ അധ്യക്ഷത വഹിച്ചു. എം.എ. ജലീൽ, പി. മുനീബ്, കെ. ജവഹർ, സുധീർ നറുകര, ശരീഫ് അത്തിമണ്ണിൽ, നിഷാദ് താമരത്തോടി, കെ.മുഹമ്മദ്, പ്രവീൺ നറുകര, കരീം, കുഞ്ഞുമണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.