മലപ്പുറം: സ്വകാര്യ ബാങ്കിന്റെ പേരിൽ നിക്ഷേപ തട്ടിപ്പ് നടത്തിയ ജീവനക്കാരൻ പൊലീസ് കസ്റ്റഡിയിൽ. പുളിയക്കോട് കടുങ്ങല്ലൂർ സ്വദേശിയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലുള്ളത്. കരാറടിസ്ഥാനത്തിൽ ബാങ്കിന്റെ പ്രയോറിറ്റി റിലേഷൻസ് മാനേജറായി ജോലി ചെയ്തിരുന്നു. ബാങ്കിന്റെ മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് എന്നിവയിലേക്ക് നിക്ഷേപം ശേഖരിക്കലായിരുന്നു ജോലി.
ഇതിനിടെ ബാങ്ക് അറിയാതെ 'പ്യൂർ മ്യൂച്വൽ ഫണ്ട്' എന്ന പേരിൽ സ്വന്തം ലെറ്റർ ഹെഡ് ഉപയോഗിച്ച് ഉപഭോക്താക്കളിൽനിന്ന് നിക്ഷേപം സ്വീകരിച്ചു. ബാങ്കിന്റെ മ്യൂച്വൽ ഫണ്ടാണെന്ന് കരുതി ഉപഭോക്താക്കൾ പണം നിക്ഷേപിച്ചു. 15 ലക്ഷം നിക്ഷേപിച്ചയാൾക്ക് മാസം തോറും 15,000 രൂപയാണ് നൽകിയിരുന്നത്. ആദ്യത്തെ കുറച്ചു മാസങ്ങൾ ഈ തുക കിട്ടിയെങ്കിലും പിന്നീട് തുകയിൽ കുറവ് വരാൻ തുടങ്ങി. ഇതോടെ ഉപഭോക്താക്കൾ ബാങ്കിലെത്തി വിവരമന്വേഷിക്കാൻ തുടങ്ങിയതോടെയാണ് അധികൃതർ തട്ടിപ്പ് അറിയുന്നത്.
ഉപഭോക്താക്കൾ പരാതിയുമായി എത്താൻ തുടങ്ങിയതോടെ ഇയാൾ മുങ്ങുകയായിരുന്നു. കോടിക്കണക്കിന് രൂപ ഇതേ രീതിയിൽ തട്ടിപ്പ് നടത്തിയതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. തുക വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തായിരുന്നു തട്ടിപ്പ്. ഒരു മാസത്തോളം ഒളിവിലായിരുന്നു. അറസ്റ്റ് ശനിയാഴ്ച രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.