പാലക്കാട്: പാലക്കാട് പന്നിയങ്കരയിലെ ഉയർന്ന ടോൾ നിരക്കിനെതിരെ പ്രതിഷേധ സൂചകമായി സ്വകാര്യ ബസുകൾ പണിമുടക്കി. തൃശൂർ, പാലക്കാട് ജില്ലകളിലെ മുവ്വായിരത്തോളം സ്വകാര്യ ബസുകളാണ് ഓട്ടം നിർത്തി പ്രത്യക്ഷ സമരത്തിൽ പങ്കെടുക്കുന്നത്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഇരുഭാഗത്തേക്കും പോയി വരാൻ 425 രൂപയാണ് ടോൾ. ഒരു തവണ പോകാന്‍ 280 രൂപ നൽകണം. 9,400 രൂപയാണ് ഒരു മാസത്തെ പാസിന് നൽകേണ്ടത്.
പന്നിയങ്കരയിലെ ടോൾ നിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമകളും ജീവനക്കാരും ടോൾ പ്ലാസക്ക് മുന്നിൽ നടത്തുന്ന അനിശ്ചിതകാല ധർണ നടത്തുന്നുണ്ട്. ഇതിന് ഐക്യദാർഢ്യമറിയിച്ചാണ് ബസുടമകൾ ഓട്ടം നിർത്തിയത്. തൃശൂർ-പാലക്കാട് സ്വകാര്യ ബസുടമ തൊഴിലാളി സംയുക്ത സമിതി നേതൃത്വത്തിലാണ് പണിമുടക്ക്.
പ്രതിമാസം പതിനായിരത്തോളം രൂപ ടോൾ നൽകാനാവില്ലെന്നാണ് ബസ്സുടമകൾ പറയുന്നത്. ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന ഉറപ്പ് ജില്ല ഭരണകൂടം പാലിക്കാത്തതിനാലാണ് ഇന്ന് സൂചനാ പണിമുടക്ക്.
അതേസമയം ദീർഘദൂര ബസുകൾ ചിലത് സർവിസ് നടത്തുന്നുണ്ട്. വർധിപ്പിച്ച ടോൾ നിരക്കിനെതിരെ ടിപ്പർ ലോറികളും ടോൾ പ്ലാസയിൽ നിർത്തിയിട്ട് നേരത്തെ പ്രതിഷേധിച്ചിരുന്നു. ഒരു തവണ കടന്നു പോകുന്നതിന് 650 രൂപയാാണ് ഇവർ നൽകേണ്ടത്. കഴിഞ്ഞ മാർച്ച് ഒമ്പത് മുതലാണ് പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങിയത്.
നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങൾ അടക്കമുള്ളവയ്ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് നൽകേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കിൽ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നൽകേണ്ടത്.
വാൻ, കാർ, ജീപ്പ്, ചെറിയ വാഹനങ്ങൾ തുടങ്ങിയവയ്ക്ക് 90 രൂപ വേണം. ഇരുഭാഗത്തേക്കുമാണെങ്കിൽ 135 രൂപയും നൽകണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ്.
രാജ്യത്തെ ടോള് പ്ലാസകളിലെ നിരക്കിൽ 10 ശതമാനമാണ് വര്‍ധിപ്പിച്ചത്. വാളയാറില്‍ ചെറുവാഹനങ്ങള്‍ക്ക് ഒരുവശത്തേക്കുള്ള യാത്രയ്ക്ക് 75 രൂപ നല്‍കണം. പന്നിയങ്കരയിൽ 100 രൂപയാണ്. അരൂരില്‍ 45 രൂപ നല്‍കണം. ചെറിയവാണിജ്യ വാഹനങ്ങള്‍ക്ക് 120 രൂപയാണ് വാളയാറില്‍ കൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.