തിരുവനന്തപുരം: ഫീസ് നിർണയത്തിലും വിദ്യാർഥി പ്രവേശനത്തിലും സർക്കാർ നിയന്ത്രണമില്ലാതെ സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാനുള്ള ബില്ല് നിയമസഭ ശബ്ദവോട്ടോടെ പാസാക്കി. പിന്നാക്ക, ന്യൂനപക്ഷങ്ങൾക്കും സാമ്പത്തിക പിന്നാക്ക വിഭാഗങ്ങൾക്കും ഫീസിളവ്, ഫീസ് നിയന്ത്രണ സംവിധാനം, വിശ്വാസ്യത തെളിയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുൻഗണന തുടങ്ങി പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ തള്ളിയാണ് ബില്ല് പാസാക്കിയത്. സഭ പാസാക്കിയ ബില്ലിന് ഗവർണറുടെ അംഗീകാരമായാൽ നിയമമാകും. ഗവർണറുടെ അംഗീകാരം ലഭിക്കുമോ എന്നതും നിർണായകമാണ്. നിയമത്തിന് ആവശ്യമായ ചട്ടങ്ങൾ രൂപപ്പെടുത്തുന്നതോടെ സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്ന നടപടികൾക്ക് തുടക്കം കുറിക്കാനാകും.
സ്വകാര്യ സർവകലാശാലകൾക്ക് ഒരേസമയം ഒന്നിലധികം കാമ്പസുകൾ തുടങ്ങാമെന്ന ബില്ലിലെ വ്യവസ്ഥ യു.ജി.സി റെഗുലേഷന് വിരുദ്ധമെന്ന് കണ്ട് നീക്കംചെയ്തിരുന്നു. അഞ്ച് വർഷം പൂർത്തിയാകുന്ന സർവകലാശാലകൾക്ക് യു.ജി.സി റെഗുലേഷന് വിധേയമായി സംസ്ഥാനത്തിനകത്തും പുറത്തും ഓഫ് കാമ്പസ്, ഓഫ് ഷോർ കാമ്പസ്, പഠന കേന്ദ്രങ്ങൾ തുടങ്ങാമെന്ന വ്യവസ്ഥ കൂട്ടിച്ചേർത്താണ് മൾട്ടി കാമ്പസ് വ്യവസ്ഥ ഒഴിവാക്കിയത്. സർവകലാശാല കോഴ്സുകളിലെ 40 ശതമാനം സീറ്റുകൾ സംസ്ഥാനത്ത് താമസിക്കുന്ന കുട്ടികൾക്ക് നീക്കിവെക്കണം. ഈ സീറ്റുകളിൽ സംസ്ഥാനത്ത് നിലവിലുള്ള സംവരണതത്വം നടപ്പാക്കണം. ഫീസ് നിർണയം, വിദ്യാർഥി പ്രവേശനം എന്നിവയിൽ സർവകലാശാലക്കായിരിക്കും അധികാരം. നിയമം നിലവിൽവരുന്നതോടെ രാജ്യത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്ന 28ാമത്തെ സംസ്ഥാനമായി കേരളം മാറും. ബില്ലിലെ മറ്റ് വ്യവസ്ഥകൾ:
മെഡിക്കൽ, എൻജിനീയറിങ് ഉൾപ്പെടെ എല്ലാ കോഴ്സുകളും (മൾട്ടി ഡിസിപ്ലിനറി) തുടങ്ങാം
പട്ടികജാതി-വർഗ വിഭാഗത്തിലെ വിദ്യാർഥികൾക്കുള്ള ഫീസിളവ് / സ്കോളർഷിപ് നിലനിർത്തും
നിലവിലെ സ്വാശ്രയ കോളജ് കെട്ടിടവും ഭൂമിയും ഉപയോഗിക്കാം
സർവകലാശാലക്ക് നിയന്ത്രണ ബോഡികൾ നിർദേശിക്കുന്ന ഭൂമിയുണ്ടാകണം
സർവകലാശാല സ്പോൺസറിങ് ബോഡി 25 കോടിയുടെ എൻഡോവ്മെന്റ് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണം
സർവകലാശാലക്കായുള്ള അപേക്ഷ പരിശോധിച്ച് ശിപാർശ സമർപ്പിക്കാൻ വിദഗ്ധസമിതി
സർവകലാശാല ഗവേണിങ് കൗൺസിൽ, എക്സിക്യുട്ടിവ് കൗൺസിൽ, അക്കാദമിക് കൗൺസിൽ എന്നിവയിൽ സർക്കാർ പ്രതിനിധികൾ ഉണ്ടായിരിക്കും
നിയമവിരുദ്ധമായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയാൽ സർവകലാശാല പിരിച്ചുവിട്ട് എൻഡോവ്മെന്റ് ഫണ്ട് കണ്ടുകെട്ടാം
സർവകലാശാലയുടെ ഭരണ, സാമ്പത്തിക വിവരങ്ങളും റെക്കോഡുകളും സർക്കാറിന് വിളിച്ചുവരുത്താം
വിദ്യാർഥി യൂനിയനും കൗൺസിലും രൂപവത്കരിക്കണം
ഗുണനിലവാരം ഉറപ്പാക്കാൻ സർക്കാറിന് പ്രത്യേക റെഗുലേറ്ററി ബോഡി രൂപവത്കരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.