തൃശൂർ: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപിയുടെ പ്രചാരണത്തിന് സാമഗ്രികൾ ഒരുക്കാൻ ചെലവായ തുക ലഭിച്ചില്ലെന്ന പരാതിയിൽ അന്വേഷണത്തിന് ബി.ജെ.പി സംസ്ഥാന നേതൃത്വം. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മേഖല സെക്രട്ടറി ജി. കാശിനാഥനെ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ ചുമതലപ്പെടുത്തി. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനിരിക്കെ ഉയർന്ന സാമ്പത്തികാരോപണം പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നതാണെന്ന വിലയിരുത്തലിലാണ് നേതൃത്വം.
പരസ്യക്കാർക്കും കരാറുകാർക്കും പ്രിൻറിങ് സ്ഥാപനങ്ങൾക്കും തുക ലഭിച്ചില്ലെന്നാണ് പരാതി ഉയർന്നത്. സുരേഷ്ഗോപിയുടെ മത്സരത്തിന് ബി.ജെ.പി കേന്ദ്രനേതൃത്വം നേരിട്ടാണ് പണം അനുവദിച്ചത്. സാമ്പത്തിക ക്രയവിക്രയം പരിശോധിക്കാൻ ആർ.എസ്.എസും ബി.ജെ.പിയും പ്രതിനിധികളെ നിയോഗിച്ചിരുന്നു. കോടികളാണ് തൃശൂർ ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന് ചെലവിട്ടത്. എന്നാൽ, ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് അടക്കമുള്ള കാര്യങ്ങൾക്ക് ചെലവാക്കിയ 30 ലക്ഷത്തോളം രൂപ ലഭിക്കാനുണ്ടെന്ന് കാണിച്ചാണ് കരാറുകാർ ബി.ജെ.പി നേതൃത്വത്തിന് പരാതി നൽകിയത്. പരാതി ലഭിച്ചതനുസരിച്ച് സുരേഷ്ഗോപിയും അക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ച സാഹചര്യത്തിലാണ് അന്വേഷണത്തിന് തീരുമാനം.
ആർ.എസ്.എസും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ജില്ലയിൽനിന്നുള്ള സംസ്ഥാന നേതാവുൾപ്പെടെ ആരോപണ നിഴലിലുണ്ട്. ഉടൻ അന്വേഷിച്ച് വസ്തുത അറിയിക്കാനാണ് മേഖല സെക്രട്ടറിക്ക് നൽകിയിട്ടുള്ള നിർദേശം. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂർ സന്ദർശനവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തിയത് വിവാദത്തിന് ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.