ദുബൈ: ചിത്രകലാ രംഗത്ത് പതിറ്റാണ്ടുകളായി നിറസാന്നിധ്യമായിരുന്ന പ്രഫ. സി.എൽ. പൊറിഞ്ചുക്കുട്ടി (91) ദുബൈയിൽ നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. ശനിയാഴ്ച രാത്രി എട്ടിന് ദുബൈ ഗാർഡൻസിൽ മകന്‍റെ വീട്ടിലായിരുന്നു അന്ത്യം. തൃശൂർ കേച്ചേരി ചിറനെല്ലൂർ സ്വദേശിയായ പൊറിഞ്ചുക്കുട്ടി അഞ്ചു വർഷമായി മകനും കുടുംബത്തിനൊപ്പം ദുബൈയിലായിരുന്നു താമസം.
കേരള ലളിതകലാ അക്കാദമി മുൻ ചെയർമാൻ, കേന്ദ്ര ലളിതകലാ അക്കാദമി മുൻ സെക്രട്ടറി, വൈസ് ചെയർമാൻ, ഫൈനാർട്സ് കോളജ് പ്രഥമ പ്രിൻസിപ്പൽ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫൈൻ ആര്‍ട്സ് കോളജിന്‍റെ ശിൽപികളിലൊരാളും പ്രധാന അധ്യാപകനുമായിരുന്നു.
തൃശൂർ ജില്ലയിലെ കേച്ചേരി ചിറനെല്ലൂരിൽ 1932ൽ ലൂയീസ്–താണ്ടമ്മ ദമ്പതികളുടെ മകനായി ജനിച്ച പൊറിഞ്ചുക്കുട്ടി ചിറനെല്ലൂർ സെൻറ് ജോസഫ് യു.പി സ്കൂൾ, കേച്ചേരി ജ്ഞാനപ്രകാശിനി ലോവർ സെക്കൻഡറി സ്കൂൾ, കുന്നംകുളം ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ഉദയ്പൂർ യൂനിവേഴ്സിറ്റിയിൽ നിന്ന് ഫൈനാർട്സിൽ ബിരുദാനന്തര ബിരുദവും നേടി. 1956ൽ മാവേലിക്കര രാജാരവിവർമ സ്കൂളിൽ ചിത്രകലാ അധ്യാപകനായി. പിന്നീട് ഇതേ സ്കൂളിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു.
നാഷനൽ ചിത്രകലാ ജൂറി ചെയർമാൻ, കമ്മിറ്റി ഫോർ ട്രിനാലെ ചെയർമാൻ, ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസ് അംഗം, ന്യൂഡൽഹി നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ ആർട് പര്‍ചേസ് വിഭാഗം അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിൽ മ്യൂസിയം, സർവവിജ്ഞാനകോശം, ജവഹർ ബാലഭവൻ എന്നീ സ്ഥാപനങ്ങളിൽ ഉപദേശകസമിതി അംഗമായിരുന്നു.
അഖിലേന്ത്യാ ഫൈനാർട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് സൊസൈറ്റിയുടെ ദേശീയ അവാർഡ്, കേന്ദ്ര സർക്കാരിന്‍റെ മാനവശേഷി വികസന മന്ത്രാലയത്തിന്‍റെയും കേരള ലതികലാ അക്കാദമിയുടെയും ഫെല്ലോഷിപ് തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചു. 2011ൽ രാജാരവിവർമ പുരസ്കാരവും നേടിയിരുന്നു.
എലിസബത്താണ് ഭാര്യ. മക്കൾ: ബൈജു(സീനിയർ എഡിറ്റർ, ദുബൈ ഗവ. മീഡിയ ഓഫീസ്), ആശ. മരുമക്കൾ: കവിത, ശ്രീകാന്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.