തിരുവനന്തപുരം: സംസ്ഥാനത്തെ വിദൂര വിദ്യാഭ്യാസം ഓപൺ സർവകലാശാലയിലേക്ക് പരിമിതപ്പെടുന്നതോടെ അഫ്ദലുൽ ഉലമ പ്രിലിമിനറി, ബി.എ അഫ്ദലുൽ ഉലമ, എം.എ സംസ്കൃതം ഉൾപ്പെടെ 14 കോഴ്സുകളിലെ സമാന്തര പഠനമാർഗം അടയും. കേരള, കാലിക്കറ്റ് സർവകലാശാലകളിലെ മുഴുവൻ ബിരുദ-ബിരുദാനന്തര കോഴ്സുകൾ ഏറ്റെടുക്കാതെയാണ് ഓപൺ സർവകലാശാല അംഗീകാരത്തിന് അപേക്ഷ സമർപ്പിച്ചത്.
കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിലും കണ്ണൂർ സർവകലാശാലയിൽ പ്രൈവറ്റ് രജിസ്ട്രേഷൻ വഴിയുമാണ് ബി.എ അഫ്ദലുൽ ഉലമ കോഴ്സിന് സമാന്തര പഠനമുള്ളത്. ഇതിന്റെ യോഗ്യത കോഴ്സായ അഫ്ദലുൽ ഉലമ പ്രിലിമിനറി കാലിക്കറ്റിലും കണ്ണൂരിലും പ്രൈവറ്റ് രജിസ്ട്രേഷൻ രീതിയിലുണ്ട്. തെക്കൻ കേരളത്തിൽനിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെ സമാന്തര പഠനം നടത്തുന്നത് കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിലൂടെയും പ്രൈവറ്റ് രജിസ്ട്രേഷനിലൂടെയുമാണ്. ഓപൺ സർവകലാശാല അനുമതി തേടിയ കോഴ്സുകളിൽ ഇവ ഉൾപ്പെട്ടിട്ടില്ല. ഫലത്തിൽ ഈ കോഴ്സുകളിലെ പഠനാവസരം അംഗീകൃത കോളജുകളിൽ പരിമിതപ്പെടും.
മറ്റ് സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകൾ പൂർണമായും തടഞ്ഞാണ് ഓപൺ സർവകലാശാലയിൽ 12 ഡിഗ്രി കോഴ്സുകൾക്കും അഞ്ച് പി.ജി കോഴ്സുകൾക്കും അനുമതി തേടിയത്. ഇവക്ക് അംഗീകാരം ലഭിച്ചാലും 14 കോഴ്സുകളിലെ പഠന, ഉപരിപഠന സാധ്യതകളാണ് സർക്കാർ ഉത്തരവിലൂടെ തടയപ്പെടുന്നത്.
നിലവിൽ കാലിക്കറ്റിൽ എം.എ സംസ്കൃതം വിദൂരവിദ്യാഭ്യാസ രീതിയിലുണ്ട്. ഓപൺ സർവകലാശാല അനുമതി തേടിയ പി.ജി കോഴ്സുകളിൽ എം.എ സംസ്കൃതം ഉൾപ്പെട്ടിട്ടില്ല. വിദൂര രീതിയിൽ ബി.എ സംസ്കൃതം പൂർത്തിയാക്കിയ വിദ്യാർഥികളുടെ ഉപരിപഠന സാധ്യതയാണ് സർക്കാർ കൊട്ടിയടക്കുന്നത്.
മറ്റു സർവകലാശാലകളിലുണ്ടായിരുന്ന കോഴ്സുകൾ ഓപൺ സർവകലാശാലയിലും തുടങ്ങുമെന്നാണ് നിയമസഭയിൽ ടി.വി. ഇബ്രാഹിമിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞത്.
എന്നാൽ കേരള, കാലിക്കറ്റ് സർവകലാശാലകൾ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ പഠിപ്പിക്കുന്ന ബി.എൽ.ഐ.എസ്സി, ബി.എ ഫിലോസഫി, ബി.എ അഫ്ദലുൽ ഉലമ കോഴ്സുകളും എം.എ ഇക്കണോമിക്സ്, ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഫിലോസഫി, സംസ്കൃതം, അറബിക് എം.എൽ.ഐ.എസ്സി, എം.എസ്സി മാത്സ്, എം.എസ്സി കമ്പ്യൂട്ടർ സയൻസ് കോഴ്സുകളും ഓപൺ സർവകലാശാല അനുമതി തേടിയ കോഴ്സുകളുടെ പട്ടികയിൽ ഇല്ല. പ്രൈവറ്റ് രജിസ്ട്രേഷനിലൂടെ പ്രവേശനം നൽകുന്ന അഫ്ദലുൽ ഉലമ പ്രിലിമിനറി കോഴ്സും ഓപൺ സർവകലാശാലയിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.